ഗള്‍ഫ് പൗരന്മാര്‍ക്ക് യു.എ.ഇയില്‍ പ്രവേശനം വിലക്കി

ദുബായ് - ഗള്‍ഫ് പൗരന്മാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് യു.എ.ഇ താല്‍ക്കാലികമായി വിലക്കി. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇത് നിലവില്‍വന്നു. കൊറോണ വൈറസ് മുക്തരാണെന്ന് മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തുന്ന സംവിധാനം അംഗീകരിച്ച് നടപ്പാക്കുന്നതു വരെയാണ് ഗള്‍ഫ് പൗരന്മാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് പൗരന്മാര്‍ക്ക് രാജ്യത്തെത്തുന്ന മുറക്ക് പരിശോധനകള്‍ നടത്തുമെന്നും ഇവര്‍ രാജ്യത്ത് പ്രവേശിച്ചാലുടന്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും ഇത് ശനിയാഴ്ച രാവിലെ പത്തു മുതല്‍ നിലവില്‍വരുമെന്നും യു.എ.ഇ വെള്ളിയാഴ്ച അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ഗള്‍ഫ് പൗരന്മാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള വിദേശ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പുറത്തുവന്നു. വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ തന്നെ ഇത് നിലവില്‍വന്നു.
യു.എ.ഇയില്‍ കൊറോണ ബാധിച്ച് രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊറോണ മൂലമുള്ള ആദ്യ മരണങ്ങളാണിത്. യൂറോപ്പില്‍ നിന്ന് എത്തിയ, 74 വയസ് പ്രായമുള്ള അറബ് വംശജനാണ് മരണപ്പെട്ടവരില്‍ ഒരാള്‍. കൊറോണ ബാധയോടൊപ്പമുള്ള ഹൃദയാഘാതമാണ് മരണ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. 58 വയസ് പ്രായമുള്ള ഏഷ്യന്‍ വംശജനാണ് മരണപ്പെട്ട രണ്ടാമത്തെയാള്‍. ഹൃദ്രോഗവും വൃക്കരോഗവും അടക്കം ഏതാനും വിട്ടുമാറാത്ത രോഗങ്ങള്‍ ഇയാള്‍ക്ക് ബാധിച്ചിരുന്നെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫില്‍ കൊറോണ മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ബഹ്‌റൈനിലാണ്. ബഹ്‌റൈനില്‍ സ്വദേശി വനിതയാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. യു.എ.ഇയില്‍ ഇതുവരെ 140 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്.

 

Latest News