Sorry, you need to enable JavaScript to visit this website.

ഒളിംപിക് ദാമ്പത്യം

അമ്മക്ക് സമ്മാനിക്കാനായി നാരങ്ങ പറിക്കാൻ താൻ മരത്തിൽ  കയറുമ്പോഴാണ് സറ്റോപെക് വിവാഹാഭ്യർഥന നടത്തിയതെന്ന്  2012 ലെ ലണ്ടൻ ഒളിംപിക്‌സിന് മുമ്പ് നടത്തിയ അഭിമുഖത്തിൽ  സറ്റോപ്‌കോവ അനുസ്മരിച്ചിരുന്നു. 1948 ഒക്ടോബറിലായിരുന്നു വിവാഹം.

ദാന സറ്റോപ്‌കോവയുടെ അന്ത്യത്തോടെ ഒളിംപിക്‌സ് ചരിത്രത്തിലെ പ്രണയപൂർണമായ അധ്യായത്തിനാണ് തിരശ്ശീല വീണത്. എമിൽ സറ്റോപെക്കും ദാന സറ്റോപ്‌കോവയും തമ്മിലുള്ള പ്രണയം ഒളിംപിക് ചരിത്രത്തിലെ അതുല്യ ഏടാണ്. ഒരേ ദിവസം ജനിക്കുകയും ഒരേ ഒളിംപിക്‌സിൽ ചാമ്പ്യന്മാരാവുകയും ചെയ്ത സറ്റോപെക് ദമ്പതികൾ സ്‌നേഹപൂർണമായ ബന്ധത്തിന്റെ പ്രതീകങ്ങൾ കൂടിയായിരുന്നു. ഒളിംപിക് അത്‌ലറ്റുകളുടെ തീർഥാടന കേന്ദ്രമായിരുന്നു പ്രാഗിലെ സറ്റോപെക്കുമാരുടെ വസതി. താൻ താമസിച്ചതിൽ ഏറ്റവും സന്തോഷവും ആഹ്ലാദവുമൊഴുകിയ വസതി എന്നാണ് സറ്റോപെക്കിന്റെ വസതിയെക്കുറിച്ച് അദ്ദേഹത്തിന്റെ ബ്രിട്ടിഷുകാരനായ എതിരാളി ഗോർഡൻ പ്രൈസ് വിശേഷിപ്പിച്ചത്. 
പരസ്പരം കളിയാക്കുകയും രസിക്കുകയും ചെയ്യുന്നത് ഇരുവരുടെയും ഇഷ്ടവിനോദമായിരുന്നു. 1952 ലെ ഹെൽസിങ്കി ഒളിംപിക്‌സിൽ സാറ്റോപെക് 5000 മീറ്ററിൽ സ്വർണം നേടി മിനിറ്റുകൾ കഴിയും മുമ്പാണ് സറ്റോപ്‌കോവ ജാവലിനിൽ സ്വർണമണിഞ്ഞത്. ഭാര്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ സറ്റോപെക് ശ്രമം നടത്തി. തന്റെ വിജയമാണ് സ്വർണത്തിലേക്ക് ജാവലിൻ എറിയാൻ സറ്റോപ്‌കോവക്ക് പ്രചോദനമായതെന്ന് സറ്റോപെക് പറഞ്ഞു. സറ്റോപ്‌കോവ ഉരുളക്കുപ്പേരി പോലെ മറുപടി നൽകി: ‘പോയി വേറെ ഏതെങ്കിലും പെൺകുട്ടികളെ പ്രചോദിപ്പിക്കൂ, നോക്കാം അവർക്ക് ജാവലിനിൽ ഒളിംപിക് ചാമ്പ്യനാവാൻ സാധിക്കുമോയെന്ന്..'
അമ്മക്ക് സമ്മാനിക്കാനായി നാരങ്ങ പറിക്കാൻ താൻ മരത്തിൽ കയറുമ്പോഴാണ് സറ്റോപെക് വിവാഹാഭ്യർഥന നടത്തിയതെന്ന് 2012 ലെ ലണ്ടൻ ഒളിംപിക്‌സിന് മുമ്പ് നടത്തിയ അഭിമുഖത്തിൽ സറ്റോപ്‌കോവ അനുസ്മരിച്ചിരുന്നു. 1948 ഒക്ടോബറിലായിരുന്നു വിവാഹം.
മറ്റ് അത്‌ലറ്റുകൾക്ക് പ്രചോദനവുമായിരുന്നു അവർ. 1966 ലെ ഒളിംപിക്‌സിൽ സ്വർണമുറപ്പിച്ച കളിക്കാരനായിരുന്നു റോൺ ക്ലാർക്ക്. മധ്യദൂര ഓട്ടത്തിൽ നിരവധി ലോക റെക്കോർഡിന് ഉടമയായിരുന്നു അദ്ദേഹം. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ക്ലാർക്കിന് സ്വർണം നഷ്ടപ്പെട്ടു. പിന്നീടൊരിക്കലും ക്ലാർക്കിന് ഒൡപിക് സ്വർണം എത്തിപ്പിടിക്കാനായില്ല. ആ ദുഃഖം അദ്ദേഹത്തെ വേട്ടയാടി. റോൺ ക്ലാർക്ക് ഒരിക്കൽ സറ്റോപെക്കിനെ സന്ദർശിച്ചു. തിരിച്ചുപോവുമ്പോൾ ക്ലാർക്കിനെ യാത്രയയക്കാൻ സറ്റോപെക് വിമാനത്താവളത്തിലെത്തി. വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്കാരന് സറ്റോപെക് ഒരു പൊതി സമ്മാനിച്ചു. വിമാനത്തിൽ കയറിയ ശേഷം പൊതിയഴിച്ച റോൺ ഞെട്ടിപ്പോയി. സറ്റോപെക്കിന്റെ സ്വർണ മെഡലുകളിലൊന്നായിരുന്നു അത്. സ്വർണം നഷ്ടപ്പെട്ട ക്ലാർക്കിന് തന്റെ സ്വർണ മെഡലുകളിലൊന്ന് സമ്മാനിക്കുകയായിരുന്നു സറ്റോപെക്്.
1957 ൽ ചെക് ഒളിംപിക് ചാമ്പ്യൻ ഓൽഗ ഫികടോവ അമേരിക്കക്കാരൻ ഒളിംപിക് ചാമ്പ്യൻ ഹരോൾഡ് കൊണോലിയുമായി പ്രണയത്തിലായി. കമ്യൂണിസ്റ്റ്-മുതലാളിത്ത ചേരികളുടെ ശീതയുദ്ധത്തിന്റെ പാരമ്യത്തിലായിരുന്നു ലോകം. ചെക്കൊസ്ലൊവാക്യ കമ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. ഓൽഗയുടെയും കൊണോലിയുടെയും വിവാഹം പ്രതിസന്ധിയിലായി. തുടർന്ന് സറ്റോപെക് ഇടപെടുകയും ഓൽഗയുടെ വിവാഹം ചെക്കൊസ്ലൊവാക്യയിൽ നടത്താൻ അനുമതി നൽകണമെന്ന് ചെക് പ്രസിഡന്റിനോട് നേരിട്ട് അഭ്യർഥിക്കുകയും ചെയ്തു. ഏതാനും ദിവസത്തിനു ശേഷം ഓൽഗയും കൊണോലിയും പ്രാഗിൽ വരണമാല്യം ചാർത്തിയപ്പോൾ സാക്ഷികളായത് സറ്റോപെക്കും സറ്റോപ്‌കോവയുമായിരുന്നു. 
സറ്റോപെക് എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരിലൊരാളാണ്, സറ്റോപ്‌കോവ ജാവലിൻ ചാമ്പ്യനും. എമിൽ സറ്റോപെക്കും ദാന സറ്റോപ്‌കോവയും ജനിച്ചത് ഒരേ ദിവസമാണ്. 1922 സെപ്റ്റംബർ 19 ന്. എക്കാലത്തെയും മഹാനായ ഓട്ടക്കാരനായാണ് എമിൽ സറ്റോപെക്കിനെ റണ്ണേഴ്‌സ് വേൾഡ് മാഗസിൻ 2013 ൽ തെരഞ്ഞെടുത്തത്. ഒരേ ഒളിംപിക്‌സിൽ 5000 മീറ്ററിലും 10,000 മീറ്ററിലും മാരത്തണിലും സ്വർണം നേടിയ ചരിത്രത്തിലെ ഒരേയൊരു വ്യക്തിയാണ് ഈ ചെക്കൊസ്ലൊവാക്യക്കാരൻ. 1952 ലെ ആ ഒളിംപിക്‌സിൽ വനിതാ ജാവലിനിൽ സറ്റോപെക്കിന്റെ ഭാര്യ ദാനയും സ്വർണമണിഞ്ഞു.
തളർച്ചയും വേദനയും കാരണം ഇപ്പോൾ നിലംപതിക്കും എന്ന മുഖഭാവവുമായാണ് സറ്റോപെക് ഓടുക. എന്നാൽ ആധുനികമായ പല പരിശീലനമുറകളുടെയും ഉപജ്ഞാതാവായിരുന്നു അദ്ദേഹം. അസാധാരണമായ കായികക്ഷമതയുണ്ടായിരുന്നു. 1948 ലെ ലണ്ടൻ ഒളിംപിക്‌സിലാണ് സറ്റോപെക് ആദ്യം പങ്കെടുത്തത്. 10,000 മീറ്ററിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടി. 1952 ലെ ഒളിംപിക്‌സിൽ 5000 മീറ്ററിലും 10,000 മീറ്ററിലും ഇരട്ട സ്വർണം കരസ്ഥമാക്കി. അതുകൊണ്ടും സറ്റോപെക്കിന് തൃപ്തിയായില്ല. ഒരിക്കലും മാരത്തണിൽ പങ്കെടുത്തിട്ടില്ലെങ്കിലും മാരത്തണും ജയിച്ച് ട്രിപ്പിൾ തികക്കാൻ  സറ്റോപെക് തീരുമാനിച്ചു. 42 കിലോമീറ്ററിലേറെ ദൂരമുള്ള ഓട്ടത്തിനിടയിൽ വേഗം എങ്ങനെ ക്രമീകരിക്കണമെന്നതു മാത്രമായിരുന്നു സറ്റോപെക്കിന്റെ ആശങ്ക. വിജയസാധ്യത ആർക്കാണെന്നു കണ്ടെത്തി അദ്ദേഹത്തെ അനുകരിക്കാൻ സറ്റോപെക് തീരുമാനിച്ചു. ആറാഴ്ച മുമ്പ് റെക്കോർഡ് സ്ഥാപിച്ച ബ്രിട്ടന്റെ ജിം പീറ്റേഴ്‌സനാണ് സാധ്യതയെന്ന് സറ്റോപെക് മനസ്സിലാക്കുകയും പത്രം നോക്കി അദ്ദേഹത്തിന്റെ ചെസ്റ്റ് നമ്പർ കുറിച്ചെടുക്കുകയും ചെയ്തു.
സ്റ്റാർടിംഗ് ലൈനപ്പിൽ പീറ്റേഴ്‌സനെ കണ്ട് സ്വയം പരിചയപ്പെടുത്തി. തന്ത്രം പീറ്റേഴ്‌സന് മനസ്സിലായി. തുടക്കത്തിൽതന്നെ അതിവേഗം കുതിച്ച് സറ്റോപെക്കിനെ തളർത്താൻ പീറ്റേഴ്‌സൻ തീരുമാനിച്ചു. സറ്റോപെക് പിറകെ കൂടി. 15 കിലോമീറ്റർ ദൂരത്തെത്തിയപ്പോൾ പീറ്റേഴ്‌സനൊപ്പമെത്തിയ സറ്റോപെക് ഈ വേഗം മതിയോ എന്ന് ആരാഞ്ഞു. അതിവേഗം കാരണം തളർന്നു തുടങ്ങിയിരുന്നെങ്കിലും വേഗം അത്ര പോരെന്ന് പീറ്റേഴ്‌സൻ മറുപടി നൽകി. സറ്റോപെക് അൽപം കൂടി വേഗത്തിൽ ഓട്ടമാരംഭിച്ചു. 25 കിലോമീറ്റർ പിന്നിട്ടപ്പോൾ സറ്റോപെക് മാത്രമായി മുന്നിൽ. കാഴ്ചക്കാരോടും പോലീസുകാരോടുമൊക്കെ കുശലം പറഞ്ഞ് സറ്റോപെക് ഓട്ടം തുടർന്നു. ജനക്കൂട്ടം ആർത്തുവിളിച്ചു. ഒളിംപിക് റെക്കോർഡോടെ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ ജമൈക്കയുടെ റിലേ ടീം സറ്റോപെക്കിനെ ചുമലിലെടുത്ത് സ്റ്റേഡിയം വലം വെച്ചു. രണ്ടാമനായി റെയ്‌നാൾഡൊ ഗോർനൊ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ സറ്റോപെക് കാണികൾക്ക് ഓട്ടോഗ്രാഫ് നൽകുന്ന തിരക്കിലായിരുന്നു. ഒരു ഓറഞ്ച് തുണ്ടുമായി സറ്റോപെക് അർജന്റീനക്കാരനെ ഫിനിഷിംഗ് ലൈനിൽ സ്വീകരിച്ചു. 
1956 ലെ ഒളിംപിക്‌സിന് ആറാഴ്ച മുമ്പ് ഭാര്യയെ ചുമലിലിരുത്തി പരിശീലനം നടത്തുന്നതിനിടെ സറ്റോപെക്കിന് ഹെർണിയ ഉണ്ടായി. ശസ്ത്രക്രിയക്കു ശേഷം രണ്ടു മാസം ഓടരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ആശുപത്രി വിട്ടതിന്റെ പിറ്റേന്ന് പരിശീലനം പുനരാരംഭിക്കുകയും ഒളിംപിക്‌സിന്റെ മാരത്തണിൽ ആറാം സ്ഥാനം നേടുകയും ചെയ്തു. 
1944 ൽ ചെക് ആർമിയിൽ ചേർന്ന സറ്റോപെക്കിന് കായികരംഗത്തെ നേട്ടങ്ങൾ കാരണം ലെഫ്റ്റനന്റ് കേണലായി സ്ഥാനക്കയറ്റം ലഭിക്കുകയും കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉന്നത സ്ഥാനത്തെത്തുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള 1968 ലെ പ്രസ്ഥാനത്തിൽ പങ്കുചേരുകയും സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു. സ്വാതന്ത്ര്യപ്പോരാട്ടത്തെ സോവിയറ്റ് ടാങ്കുകൾ ചവിട്ടിയരച്ചപ്പോൾ സറ്റോപെക് ആർമിയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഏഴു വർഷത്തോളം മാലിന്യം നീക്കലും സിമന്റ് ചുമക്കലും മുതൽ ഖനികളിലും ട്രക്കോടിക്കൽ വരെ ജോലികൾക്കുമായി ഈ മഹാനായ അത്‌ലറ്റ് നിയോഗിക്കപ്പെട്ടു. സറ്റോപെക്കിന്റെ ബഹുഭാഷാ പ്രാവീണ്യം വിദേശ കോച്ചുമാരുടെ പരിശീലന മുറകൾ ചോർത്തിയെടുക്കാൻ ഉപയോഗിക്കാമെന്ന് ഭരണകൂടം മനസ്സിലാക്കിയതോടെയാണ് അദ്ദേഹത്തിന് മോചനമായത്. കമ്യൂണിസ്റ്റ് ഭരണം തകർന്നതോടെയാണ് സറ്റോപെക്കിന് അംഗീകാരം തിരികെ ലഭിച്ചത്. 2000 നവംബറിലാണ് ഈ അതുല്യനായ കായിക താരം ജീവിതത്തിന്റെ ഫിനിഷിംഗ് വര കടന്നത്. ഒളിംപിക് പ്രസ്ഥാനത്തിന് അത്യസാധാരണ സേവനം അർപ്പിച്ചവർക്കുള്ള പിയറി കുബേർടിൻ മെഡൽ പിറ്റേ മാസം രാജ്യാന്തര ഒളിംപിക് സമിതി മരണനാന്തര ബഹുമതിയായി സറ്റോപെക്കിന് സമ്മാനിച്ചു.
ലണ്ടൻ ഒളിംപിക്‌സിൽ ജാവലിനിൽ ഏഴാം സ്ഥാനത്തെത്താനേ സറ്റോപ്‌കോവക്ക് സാധിച്ചിരുന്നുള്ളൂ. ലണ്ടൻ ഒളിംപിക്‌സിൽ പങ്കെടുത്തപ്പോഴാണ് അത്‌ലറ്റിക്‌സ് ഇത്ര വലിയ സംഭവമാണെന്ന് ഈ നാട്ടിൻപുറത്തുകാരിക്ക് മനസ്സിലായത്. തുടർന്ന് ഹാന്റ്‌ബോൾ ഉപേക്ഷിക്കുകയും ജാവലിനിൽ പൂർണ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. 1952 ലെ ഹെൽസിങ്കി ഗെയിംസിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടി. അതിന് ഏതാനും മിനിറ്റുകൾ മുമ്പ് സറ്റോപെക് 5000 മീറ്ററിൽ സ്വർണത്തിലേക്ക് കുതിച്ചെത്തിയിരുന്നു. ആ ഗെയിംസിൽ 10,000 മീറ്ററിലും മാരത്തണിലും കൂടി സറ്റോപെക് ചാമ്പ്യനായി. 
1958 ൽ മുപ്പത്തഞ്ചാം വയസ്സിൽ സറ്റോപ്‌കോവ ജാവലിനിൽ ലോക റെക്കോർഡ് സ്വന്തമാക്കി. 1960 ലെ റോം ഒളിംപിക്‌സിൽ വെള്ളിയും കരസ്ഥമാക്കി. പിന്നീട് വിരമിക്കുകയും കോച്ചായും രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷന്റെ വനിതാ കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയും ചെയ്തു. 
1988 ൽ സറ്റോപ്‌കോവക്ക് ഒളിംപിക് ഓഡർ ബഹുമതിയും മാന്യമായ കളിക്കുള്ള ഇന്റർനാഷനൽ കമ്മിറ്റിയുടെ ഡിപ്ലോമയും സമ്മാനിച്ചു. സറ്റോപെക്കിന് മാന്യമായ കളി പ്രോത്സാഹിപ്പിച്ചതിനുള്ള യു.എൻ ബഹുമതി ലഭിച്ചു.
 

Latest News