ന്യൂദൽഹി- 35 പേരുടെ കൂടി ടെസ്റ്റ് ഫലം പോസിറ്റീവായതോടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258-ലെത്തി. ഇന്നലെ മാത്രം പുതിയ 63 കൊറോണ രോഗികളാണുണ്ടായത്. 258 കേസുകളിൽ 39 പേർ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ളവരാണ്. 17 പേർ ഇറ്റലി, മൂന്ന് പേർ ഫിലിപ്പൈൻ, രണ്ടു പേർ യു.കെ, കാനഡ, ഇന്തോനേഷ്യ, സിംഗുപർ എന്നിവടങ്ങളിൽനിന്ന് ഓരോ പേർ എന്നിങ്ങനെയാണ് കൊറോണ ബാധിച്ച വിദേശികളുടെ കണക്ക്. ഇതേവരെ 23 പേർക്ക് രോഗം ഭേദമായി. ഇതേവരെ ഇന്ത്യയിൽ 231 കൊറോണ രോഗികളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാലു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 52 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. കേരളത്തിൽ 40 പേരും രോഗബാധിതരായി. ഇതിൽ ഏഴു പേർ വിദേശികളാണ്. ദൽഹിയിൽ 26 പേർക്കാണ് രോഗബാധ. തെലങ്കാന 19, രാജസ്ഥാൻ 17, ഹരിയാന 17, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങൡ മൂന്നു വീതം രോഗികളെയും കണ്ടെത്തി. വെസ്റ്റ് ബംഗാൾ, പഞ്ചാബ്, ഒഡീഷ എന്നിവടങ്ങളിൽ രണ്ടും ഛത്തീസ് ഗഡ്, ചണ്ഡിഗഡ് എന്നിവടങ്ങളിൽ ഓരോ രോഗികളുമുണ്ട്.
അതിനിടെ കോവിഡ്-19ന്റെ അതിവേഗ വ്യാപനത്തിനിടെ രോഗികളുടെ കർശന ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രോഗികളുടെ വർധനവ് നേരിടാൻ കരുതിയിരിക്കണമെന്നാണ് ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യമന്ത്രായം നിർദേശം നൽകിയത്. ഡോക്ടർമാർ ഉൾപ്പടെ എല്ലാ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കണം. ആശുപത്രികളിൽ വെന്റിലേറ്റർ, ഓക്സജൻ, ഐസൊലേഷൻ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും നിർദേശിച്ചു.
ദൽഹിയിൽ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. പലചരക്ക്, പച്ചക്കറി, മരുന്നു കടകൾ തുറന്നു പ്രവർത്തിക്കും. ജനതാ കർഫ്യൂവിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്ത് ഡൽഹി മെട്രോ ഞായറാഴ്ച സർവീസ് നടത്തില്ല. മറ്റു ദിവസങ്ങളിലും മെട്രോ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. യാത്രക്കാർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ആളുകൾ നിന്നു യാത്ര ചെയ്യാനും അനുവദിക്കില്ല. തിരക്കുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും കഴിയാവുന്നതും യാത്രകൾ ഒഴിവാക്കണമെന്നും ഡൽഹി മെട്രോ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ നടത്താനിരുന്ന സിവിൽ സർവീസ് ഇന്റർവ്യൂ മാറ്റിവെച്ചതായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
ജനത കർഫ്യൂവിനോട് സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും നിർദേശിച്ചു. ഒരു ദിവസത്തെ എങ്കിലും കരുതൽ വ്യാപനം തടയുന്നതിന് സഹായിക്കും. ഇന്നലെ മാത്രം രാജ്യത്ത് മുപ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. സ്വകാര്യ മേഖലയിൽ ഉൾപ്പടെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 245 ആണ്. രാജസ്ഥാനിലെ ജയ്പൂരിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി മരിച്ചു. ഐസൊലേഷൻ വാർഡിൽ നിന്നും നിരീക്ഷണത്തിൽ നിന്നും ചാടിപ്പോയി വൈറസ് പടർത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഏറ്റവും അപടകാരിയായ ഒരു വൈറസിനെയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഓസ്ട്രേലിയയിൽ നിന്നു മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാലു പേർ ഇന്നലെ മഹാരാഷ്ട്രയിലെ ഐസൊലേഷൻ വാർഡിൽ നിന്നു ചാടിപ്പോയി. ഡൽഹിയിൽ കോവിഡ് സംശയിച്ച് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് രണ്ടു തവണയാണ് ചാടിപ്പോയത്.
രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചവരെല്ലാം തന്നെ 65 വയസിനു മുകളിലുള്ള മുതിർന്ന പൗരൻമാരാണെന്നും ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഊഹാപോഹങ്ങളിൽ വിശ്വസിച്ചു കുടുങ്ങരുതെന്നും കോവിഡിനെപ്പറ്റിയുള്ള യഥാർഥ വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പറായ 1075ൽ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയെ കോവിഡ്-19 ബാധിച്ചത് വിലയിരുത്താനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ പ്രത്യേക കർമസമിതി രൂപീകരിച്ചു.
അതിനിടെ, കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗ് ലോക്സഭ എത്തിയത് പാർലമെന്റിൽ പരിഭ്രാന്തി പരത്തി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജസ്ഥാനിൽ നിന്നുള്ള എംപിമാർക്ക് നൽകിയ വിരുന്നിലും കേന്ദ്ര മന്ത്രിമാർക്കൊപ്പം ദുഷ്യന്ത് സിംഗ് പങ്കെടുത്തു. ദുഷ്യന്ത് സിംഗും അമ്മയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. രാജ്യസഭയിൽ ദുഷ്യന്ത് സിംഗിന്റെ അടുത്തിരുന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിലേക്ക് മാറി. അതിനിടെ രാജ്യസഭയ്ക്ക് പുറത്തിറങ്ങിയ ദുഷ്യന്ത് സിംഗ് ബിജെപി ലോക്സഭ എംപി വരുൺ ഗാന്ധി അടക്കമുള്ളവരുമായി ഇടപഴകിയതും എംപിമാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ജനത കർഫ്യൂവും സാമൂഹിക അകലം പാലിക്കലും നിർദേശിക്കുന്ന സർക്കാർ പാർലമെന്റ് സമ്മേളനം നിർത്തിവെക്കാനുള്ള നടപടി കൂടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അതിനിടെ ഗായിക കനിക കപൂറിന്റെ പിതാവിനും വൈറസ് സ്ഥിരീകരിച്ചു. കനികയ്ക്കെതിരേ കേസെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. വിദേശയാത്രാ വിവരം മറച്ചു വെച്ച് പ്രമുഖരെ ഉൾപ്പടെ നിരവധി പേരെ ക്ഷണിച്ചു വരുത്തി ഹോട്ടലിൽ പാർട്ടി നടത്തിയെന്നാണ് കനികയ്ക്കെതിരേയുള്ള ആരോപണം. താനും മകനും പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും മുൻകരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിലേക്ക് മാറിയതാണെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. കനികയുടെ പാർട്ടിയിൽ പങ്കെടുത്ത യുപി ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
അതിനിടെ, ഇന്ത്യ ഇപ്പോഴും കോവിഡ്-19ന്റെ രണ്ടാം ഘട്ടത്തിൽ മാത്രമാണെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. വിദേശത്ത് യാത്രചെയ്തു വന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലേക്ക് മാറണമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചു. മൂന്നാം ഘട്ടം എന്നത് സമൂഹ വ്യാപനം ആയതിനാൽ കടുത്ത ജാഗ്രത വേണമെന്നും മുന്നറിയിപ്പു നൽകി.






