Sorry, you need to enable JavaScript to visit this website.

ലാലേട്ടനെ വേദനിപ്പിക്കുന്നത് താങ്ങാനാവുന്നില്ല ഡോ: രജിത് കുമാര്‍

കൊച്ചി- തന്റെ ആരാധകര്‍ക്ക് മുന്നില്‍ അപേക്ഷയുമായി ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട താരം ഡോ രജിത് കുമാര്‍. തന്റെ പേരില്‍ നടന്ന ചില കാര്യങ്ങള്‍ ഏറെ വിഷമം ഉണ്ടാക്കിയെന്നും ഇനി അത്തരം സംഭവങ്ങളുണ്ടാകരുതെന്നും രജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഒരു ഗെയിം ഷോയുടെ പേരില്‍ മോഹന്‍ലാലിനെ പോലുള്ള ഒരു വലിയ വ്യക്തിയെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നും അത് തനിക്ക് താങ്ങാനാവുന്നില്ലെന്നും രജിത് വീഡിയോയില്‍ പറയുന്നു. 'എന്നെ സ്‌നേഹിക്കുന്നവര്‍ ഞാന്‍ പോലും അറിയാതെ മറ്റ് ചില മത്സരാര്‍ത്ഥികളേയും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പത്മശ്രീ മോഹന്‍ലാലിനേയും അപമാനിക്കുന്നത് എനിക്ക് താങ്ങാന്‍ സാധിക്കുന്നില്ല. കാരണം 40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ. അദ്ദേഹം നാല്‍പത് വര്‍ഷം കൊണ്ട് നേടിയെടുത്ത അംഗീകാരങ്ങളെയൊന്നും ഒരു വാക്ക് കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല.' 'എന്നെ സ്‌നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍ ദയവ് ചെയ്ത് ലാലേട്ടനെ ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.' വീഡിയോയില്‍ രജിത് കുമാര്‍ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപ്പെട്ടതോടെ മോഹന്‍ലാലിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

Latest News