കൊറോണ പ്രതിസന്ധി; സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇളവുകൾ

റിയാദ് - കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാരെ നിലനിർത്തുന്നതിനും നിലവിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനും സഹായിക്കാനും സ്വകാര്യ സ്ഥാപനങ്ങളുടെ ഭാരം ലഘൂകരിക്കാനും വളർച്ചക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ട് ഏഴു പദ്ധതികളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. 


വേതന സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിനും പദവി ശരിയാക്കാത്തതിനും നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാത്തതിനും സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സേവന വിലക്ക് നീക്കി. എല്ലാ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലും സൗദികളെ ജോലിക്കു വെച്ചാലുടൻ നിതാഖാത്തിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ പാലിച്ച സൗദിവൽക്കരണ അനുപാതത്തിൽ ഉടനടി കണക്കാക്കാനും തീരുമാനമുണ്ട്. 


റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾ പാലിക്കാത്തതിനുള്ള പിഴകളും നിർത്തിവെച്ചു. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് അൽസ്വഫ്‌വ വിഭാഗത്തിൽ പെട്ട വൻകിട സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ 24 മണിക്കൂറും തുടരും. നിലവിലെ നിയന്ത്രണങ്ങൾ ദോഷകരമായി ബാധിച്ച സ്ഥാപനങ്ങളുടെ മേലുള്ള ഭാരം കുറക്കാനും ജീവനക്കാർക്ക് വർധിച്ച ആവശ്യമുള്ള മേഖലകളിലെ സ്ഥാപനങ്ങളെ സഹായിക്കാനും അജീർ പ്രോഗ്രാം വഴി തൊഴിലാളി കൈമാറ്റം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിസന്ധി തീരുന്നതു വരെ ഈ തീരുമാനങ്ങളും പദ്ധതികളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest News