റിയാദ് - കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തിയവരെ ഐസൊലേഷനിൽ പാർപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റിയതായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ കമാന്റ് ആന്റ് കൺട്രോൾ സെന്റർ മേധാവി ഡോ. മുഹമ്മദ് അൽതുവൈജിരി അറിയിച്ചു.
പഞ്ച, സപ്ത നക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കി മാറ്റിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇവിടങ്ങളിൽ 24 മണിക്കൂറും ക്ലിനിക്കുകളും മെഡിക്കൽ ജീവനക്കാരും പ്രവർത്തിക്കുന്നു. വിദേശങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുന്ന പക്ഷം കൂടുതൽ ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റുന്നതിന് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. രോഗവ്യാപന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്ന സൗദി പൗരന്മാരെ 14 ദിവസമാണ് ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിൽ പാർപ്പിക്കുന്നത്.
പരിശോധിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച്, മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നതിനാണ് രോഗബാധാ സാധ്യതയുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റുന്നത്. പരിശോധനകളെല്ലാം പൂർത്തിയാക്കി വൈറസ് മുക്തരാണെന്ന് പൂർണമായും ഉറപ്പുവരുത്തിയും നിശ്ചിത കാലയളവ് പൂർത്തിയാക്കിയ ശേഷവുമാണ് ക്വാറന്റൈനിലുള്ളവരെ പുറത്തു വിടുന്നത്.
രോഗവ്യാപനം തടയുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് കമാന്റ്് ആന്റ് കൺട്രോൾ സെന്റർ തുടരുകയാണ്. സെന്റർ ദിവസവും മൂന്നു തവണ വരെ യോഗം ചേരുന്നുണ്ട്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും കുറയുന്നതും ബന്ധപ്പെട്ട വകുപ്പുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായും മുൻകരുതലുകളുമായും സമൂഹം അനുകൂലമായി പ്രതികരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ലോകത്ത് കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടയുടൻ തന്നെ ഇതേക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് കൺട്രോൾ സെന്റർ നടപടികൾ ആരംഭിച്ചിരുന്നെന്നും ഡോ. മുഹമ്മദ് അൽതുവൈജിരി പറഞ്ഞു.






