ബ്രിട്ടനില്‍ മലയാളി നഴ്‌സിന്  കൊവിഡ് 19 സ്ഥിരീകരിച്ചു

ലണ്ടന്‍-ബ്രിട്ടനില്‍ മലയാളി നഴ്‌സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. 
ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച് 44 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 144 ആയി. അരലക്ഷത്തിലേറെപ്പേര്‍ക്കു രോഗം സംശയിക്കുന്നുണ്ട്. രാജ്യം അനിശ്ചിതത്വത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി അഭ്യര്‍ഥിച്ചു. ആരോഗ്യരംഗത്തും മറ്റ് അവശ്യസേവന രംഗത്തും ജോലിചെയ്യുന്നവര്‍ക്ക് അഭിനന്ദനം അറിയിച്ചകൊണ്ടായിരുന്നു രാജ്ഞിയുടെ ആഹ്വാനം.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും പരിശോധന നടത്താനുള്ള സംവിധാനം രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സേവനത്തിന് 20,000 പട്ടാളക്കാരെയാണ് ബ്രിട്ടനില്‍ വിന്യസിച്ചിരിക്കുന്നത്.
തൊഴില്‍നഷ്ടം മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനും രോഗികളായവര്‍ക്ക് നിര്‍ബന്ധിത സിക്ക് പേമെന്റ് അനുവദിക്കാനുമുള്ള കൂടുതല്‍ സാമ്പത്തിക നടപടികള്‍ ചാന്‍സിലര്‍ ഋഷി സുനാക്പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ധനലഭ്യത ഉറപ്പുവരുത്താനുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ വീണ്ടും പലിശനിരക്ക് കുറച്ചു. 0.1 ശതമാനമായാണ് ബാങ്ക് നിരക്ക് കുറച്ചത്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ലണ്ടനില്‍ ഭൂഗര്‍ഭ ട്രെയിനുകള്‍ നിര്‍ത്തി. സെന്‍ട്രല്‍ ലണ്ടനിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ തല്‍കാലം നിര്‍ത്തലാക്കാന്‍ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.


 

Latest News