Sorry, you need to enable JavaScript to visit this website.

കുട്ടികളെ ചീത്തയാക്കാൻ ആറ് എളുപ്പ വഴികൾ

ഒരു കുടുംബത്തിൽ കുട്ടിയുണ്ടാകുകയും ആ കുട്ടി കുടുംബത്തിന്റെ പ്രതീക്ഷക്കൊത്ത് വളരാതെ താന്തോന്നിയായി നടക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ അവനെ എഴുതിത്തള്ളുന്ന രീതി പലപ്പോഴും ഉണ്ടാകാറുണ്ട്. യഥാർഥത്തിൽ അവനെ ശരിയായ പാതയിലേക്കു നയിച്ചുകൊണ്ടുപോകാൻ  ആത്മാർഥമായ ഒരു ശ്രമവും മാതാപിതാക്കൾ ചെയ്യുന്നില്ലെന്നതാണ് വാസ്തവം.
മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീർക്കുന്നുവെന്നാണിവിടെ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.

1. കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ലാത്തവിധം തിരക്കുകളിൽ മുഴുകുക:
കുട്ടികൾ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിന പരിചരണങ്ങളും ശുശ്രൂഷയും അവക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോൾ കോഴിയോ മറ്റോ വന്ന്  മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോൾ അതിന് താങ്ങായി കോൽ കുത്തി നാട്ടണം. അല്ലെങ്കിൽ മഴയത്ത് തല്ലിയലച്ച് മണ്ണിൽ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാൽ ഇലകൾക്ക് ചീച്ചിൽ ബാധിക്കും. കായ്കൾ കേടുവരും. സമയത്ത് സൂര്യപ്രകാശം, വെള്ളം, വളം എന്നിവ അതിനു ലഭിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ കഴിഞ്ഞില്ലെങ്കിൽ ചെടി നശിച്ചതുതന്നെ. 
കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് നിരന്തര പരിചരണം ആവശ്യമാണ്. അല്ലാത്ത പക്ഷം ആകാശത്തേക്കുയരേണ്ട അവർ മണ്ണിൽ പുതഞ്ഞു കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവർക്ക് എങ്ങെനയൊക്കെ പരിശീലനം കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികൾക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നൽകേണ്ടതനിവാര്യമാണ്. ചെടിക്കു വളമെന്ന പോലെ കുട്ടികൾക്ക് ഉപദേശ നിർദേശങ്ങൾ വളർച്ചക്കാവശ്യമാണ്. വളമിട്ടു കഴിഞ്ഞാൽ വെള്ളം വേരുകളെ ആവോളം വലിച്ചെടുക്കാൻ സഹായിക്കും. ഉപദേശ നിർദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാൻ പുഞ്ചിരിയും പ്രോത്സാഹനവും പകർന്നുകൊടുക്കേണ്ടതുണ്ട്. 

2) മോശം മാതൃക കാഴ്ച വെക്കുക 
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മുമ്പിൽ മോശം മാതൃകകാഴ്ച വെക്കുമ്പോൾ കുട്ടികൾ അതു വളരെ വേഗം അനുകരിക്കുന്നു. സാധാരണ നിലയിൽ കുട്ടികളുടെ സാന്നിധ്യത്തിൽ രക്ഷിതാക്കൾ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ, അതിനേക്കാൾ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടർന്നുപോകുന്ന തർക്കങ്ങൾ. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താൽപര്യങ്ങൾ മുൻനിർത്തി വാദപ്രതിവാദങ്ങളിലേർപ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തർക്ക വിഷയത്തിന്റെ ന്യായാന്യായങ്ങൾ വിശകലനം ചെയ്യപ്പെട്ട ശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നൻമ മുൻനിർത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവിൽ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോൾ അതു മാന്യൻമാരായ ആളുകൾ ഇടപെട്ട് പരിഹരിക്കുന്നത് അവർ കാണുമ്പോൾ വിട്ടുവീഴ്ച, ഐക്യം, സ്‌നേഹം എന്നിവയുടെ പ്രാധാന്യം അവർക്കു ബോധ്യപ്പെടുന്നു. വീടിനകത്ത് ഉമ്മയും ബാപ്പയും ശണ്ഠ കൂടുമ്പോൾ 'നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് ദേഷ്യം വന്നതാണെന്നും മേലിൽ അങ്ങനെയുണ്ടാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. എന്നോടു ക്ഷമിക്കണം' എന്നിങ്ങനെ പറയുമ്പോൾ അവർക്കിടയിൽ സ്‌നേഹവും പരസ്പരധാരണയും അതിജയിക്കുന്നതായി കുട്ടികൾ മനസ്സിലാക്കുന്നു.  അതേസമയം, വേറെ ചില ദമ്പതിമാരുണ്ട്്. കുട്ടികളറിയേണ്ടെന്നു കരുതി അവർ പരസ്യമായി ശണ്ഠ കൂടാറില്ല. കിടപ്പറയിൽനിന്ന്  വാക്കേറ്റങ്ങളുടെയും ബഹളങ്ങളുടെയും ശബ്ദം അവർ ചിലപ്പോഴൊക്കെ കേൾക്കാറുണ്ട്. മക്കളുടെ മുമ്പിൽ അവർ പ്രത്യക്ഷപ്പെടുന്നത് പരസ്പരം സംസാരിക്കാതെ, ഈർഷ്യ നിറഞ്ഞ മുഖഭാവത്തോടെയാകുമ്പോൾ അതു കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. മാതാപിതാക്കളുടെ മനസ്സിനകത്ത് കൂടുകൂട്ടിയിരിക്കുന്ന വെറുപ്പ് കുട്ടികൾ സ്വാംശീകരിക്കുന്നു.

 3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ  ശകാരിച്ചും  പിണങ്ങിയും  നേരെയാക്കാൻ  ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ  കുസൃതി പരിധി വിടുമ്പോഴോ അനുസരണക്കേടു കാണിക്കുമ്പോഴോ  ആണ്  തങ്ങൾ ദേഷ്യപ്പെടുന്നതെന്ന് അവർ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവ വൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ  അനിഷ്ട പ്രകടനമാണെന്ന് വ്യക്തമാക്കുമ്പോൾ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാൻ കൽപിച്ചാൽ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. അതു കാണുമ്പോൾ രണ്ടു കൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രേ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
യാഥാർഥ്യം എന്താണ്? കുട്ടികൾ അധിക സമയവും കുസൃതിക്കാരായിരിക്കും. ഈ അധിക സമയവും മാതാപിതാക്കൾ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിയുടെ മോശം സ്വഭാവം നിങ്ങളുടെ അനിഷ്ടകരമായ മുഖഭാവത്തെയും പ്രസ്തുത മുഖഭാവം മോശം ചിന്താഗതിയെയും തുടർന്നത്  പരുക്കൻ വൃത്തികെട്ട സ്വഭാവത്തെയും  പുറത്തേക്ക് പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് കുട്ടികളെ നല്ല രീതിയിൽ അനുസരിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ  അവരുടെ കുസൃതിയുടെ നിലവാരത്തിലേക്ക് നിങ്ങളിറങ്ങിവരികയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ്, അവരോട് ക്രോധ ഭാവത്തിൽ പെരുമാറുന്നതിനേക്കാൾ നിങ്ങൾക്ക് കരണീയം. അനുസരണക്കേടും പിടിവാശിയും കാട്ടുന്ന കുട്ടിയിൽ അതോടൊപ്പം വെറുപ്പും അസംതൃപ്തിയും കുത്തിവെക്കണോ? കുട്ടിയിൽ എന്തു നല്ല സ്വഭാവങ്ങളാണോ  നിങ്ങളാഗ്രഹിക്കുന്നത്,  അത് ആദ്യം നിങ്ങളിൽ ഊട്ടിവളർത്തുവാൻ ശ്രമിക്കുക.
അനുസരണക്കേടു കാട്ടുന്ന കുട്ടിയെ നന്നാക്കാൻ ഒരു മാർഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങൾ കുട്ടിയോടു കാട്ടുന്ന ദേഷ്യത്തിന്റെയും  ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നതു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കിൽ അവൻ കൂടുതൽ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങൾ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;' എനിക്ക് നിന്റെ മുഖം  കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാൻ നിന്റെ  അമ്മയായി' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷം കണ്ടെത്തുമ്പോൾ മാത്രമേ അവർ നിങ്ങളെ സന്തോഷിപ്പിക്കാൻ മുതിരുകയുള്ളൂ എന്നു തിരിച്ചറിയുക.

4. കുട്ടികളെ തന്നിഷ്ടം പ്രവർത്തിക്കാൻ വിടുക
കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേർതിരിച്ചുകൊടുക്കേണ്ടതു വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനു വിടുക എന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹം കൊണ്ടു മൂടിയാൽ കുട്ടികൾ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്.
പല രക്ഷിതാക്കളും എളുപ്പ വഴി സ്വീകരിച്ചിരിക്കുന്നത് കുട്ടികളെ വിലക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ കാഴ്ചക്കാരന്റെ റോളിൽ നിന്നുകൊണ്ടാണ്. കാരണം കുട്ടിയുടെ എതിർപ്പോ വാശിയോ ഒന്നും കാണേണ്ട എന്ന സൗകര്യം അവർ ഇത്തരം നിലപാടിലൂടെ ലക്ഷ്യമിടുന്നു. കുട്ടികൾ ഈ ലോകത്തേക്ക് വരുമ്പോൾ തന്നെ തെറ്റും ശരിയും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ നമുക്കവരെ സ്വതന്ത്രരായി വിടാമായിരുന്നു. കുട്ടികൾ അവർക്ക് നല്ലതെന്നു തോന്നുന്നതാണ് ചെയ്യുക. കുട്ടികളെ നല്ല വഴിക്ക് തെളിച്ചില്ലെങ്കിൽ അവർ ആത്മവ്യാപാരങ്ങളിൽ മുഴുകും. അതിനാൽ നല്ല ധാർമിക, സദാചാരപരമായ കാര്യങ്ങൾ അവരെ ശീലിപ്പിക്കേണ്ടതുണ്ട്. അതിനെപ്പറ്റി അടിസ്ഥാനപരമായ അറിവു കിട്ടിക്കഴിഞ്ഞാൽ മോശമായ ലൈംഗിക തൃഷ്ണകളെപ്പോലും അതിജയിക്കാൻ അവർക്കുകഴിയും. നല്ല ശീലങ്ങൾ പരിശീലിക്കുന്നതോടെ സദ്‌സ്വഭാവങ്ങളിൽ അടിയുറച്ചുനിൽക്കാനുള്ള കരുത്ത് അവനു ലഭിക്കുകയും പുരുഷോത്തമനായി തീരുകയും ചെയ്യും.

5. ചീത്തകൂട്ടുകെട്ടിൽ പെടുക
കുട്ടികളെ വീട്ടിൽനിന്ന് നല്ല ശീലങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികൾ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാൻ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തിൽ അഭിരമിക്കുകയാണ് അവർ. എന്നാൽ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കൾ ചങ്ങാത്തം കൂടുന്നതെങ്കിൽ കൂട്ടുകാരുടെ പ്രേരണക്ക് വശംവദരായി അവർ ദുഃശീലങ്ങൾ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതു വയസ്സു വരെയെങ്കിലും മക്കൾക്ക് നല്ല കാര്യങ്ങൾ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓർമപ്പെടുത്തിക്കൊണ്ടിരിക്കണം. കുട്ടികളെ ചീത്തയാക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ഡേകെയറുകളിൽ ചേർത്തലാണ്! അവിടെ എല്ലാത്തരം സ്വഭാവങ്ങളുടെ നടുക്ക് ചെന്നുപെടുന്ന നിങ്ങളുടെ മകൻ ധാർമികഗുണങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം പിന്നിലായിരിക്കും.  ആ പൊട്ടക്കുളത്തിലെ  വെള്ളം നന്നാക്കാൻ ശ്രമിക്കുന്നവർ വിരലിലെണ്ണാവുന്നവരായിരിക്കും. അതിൽ മലമൂത്ര വിസർജനം നടത്തി വൃത്തികേടാക്കാൻ ഒരുത്തൻ മാത്രം മതിയാകും. ക്ലാസിൽ പ്രശ്‌നക്കാരനായ ഒരു കുട്ടിയെ അവന്റെ വർത്തമാനം കൊണ്ടും പെരുമാറ്റംകൊണ്ടും നമുക്ക് മറക്കാനാകുകയില്ല. അതിനാൽ ചെറുപ്രായത്തിലേ  കുട്ടികളുടെ ചുറ്റുപാടുകളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

6. ഉത്തരവാദിത്ത ബോധമുണ്ടാക്കാൻ സഹായിക്കുന്ന ചുമതലകളേൽപിക്കാതിരിക്കുക
കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേൽപിക്കുക. നടക്കാൻ കഴിയുന്ന ഒരു കുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനിൽ കൊണ്ടുപോയിടാൻ പരിശീലിപ്പിക്കുന്നതു മുതൽക്ക് ഇത് ആരംഭിക്കുന്നു. 
ചെരിപ്പ് റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ ചെരുപ്പുകുത്തിയുടെ അടുക്കൽ കൂടെക്കൂട്ടി  അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാര പ്രായത്തിൽ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയൽപക്കത്തെ ജനൽ ചില്ലു തകർത്തുവെങ്കിൽ അത് ശരിയാക്കിക്കൊടുക്കുവാൻ അവനെ പ്രേരിപ്പിക്കണം. എങ്കിൽ മാത്രമേ ഭാവിയിൽ അത്തരം കളികളിൽ  നഷ്ടങ്ങളില്ലാതെയിരിക്കാൻ അവർ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തിൽ ചുമതലകളേറ്റെടുക്കാനും അത് വീഴ്ച കൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാൻമാരായി കാണപ്പെട്ടിട്ടുള്ളത്.
കുട്ടികളെ വളർത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളർത്തുന്നതിൽ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളർത്തുന്നതിൽ അവർ തീർച്ചയായും ശ്രദ്ധ പതിപ്പിക്കുമെന്നുറപ്പാണ്.
 

Latest News