Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

ഡിജിറ്റൽ ഡിസ്റ്റൻസിംഗ് കൂടി വേണം

'പണ്ടേ കൈകൾ എത്ര കഴുകിയാലും തൃപ്തി വരാത്ത ഒരാളാണ് ഞാൻ. ഇപ്പോൾ കൈകൾ  കഴുകിക്കഴുകി ഞാൻ തളർന്നു പോകുന്നു. ഉള്ളിൽ എന്തെന്നില്ലാത്ത  ഒരു തരം പേടി തിടം വെച്ചു കൊണ്ടിരിക്കുന്നു.' ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം സംസാരത്തിനിടയിൽ പങ്കുവെച്ച പല  വേവലാതികളിലൊന്നാണിത്.  നാളുകൾ കഴിയുന്തോറും  പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള വാർത്തകൾ ലോകമെമ്പാടും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി  സാധാരണക്കാരായ പലരിലും പലയിടങ്ങളിലും പല തരത്തിലുള്ള  പരിഭ്രാന്തികളും  ഉടലെടുക്കുന്നുണ്ട്. കൊറോണ പടർത്തുന്ന ആശങ്കകൾക്കിടയിലും ഒട്ടേറെ  രസകരമായ സംഭവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടക്കുന്നതായി  കാണാം.
മറ്റൊരു വിഭാഗം അതിയായ ഭീതി പുലർത്തുന്നവരാണ്. ആശങ്ക വേണ്ട, ജാഗ്രത മതി എന്നു പറയുമ്പോഴും ആളുകളിൽ പലരും പേടിയിലാണ്. ആവശ്യത്തിലധികം സാനിറ്റൈസറും ഹാൻഡ് സോപ്പും  ടോയ്‌ലറ്റ് പേപ്പറും വാങ്ങിക്കൂട്ടുന്നവർ, പതിവിൽ കൂടുതൽ ടിൻ ഫുഡും അവശ്യ സാധനങ്ങളും വാങ്ങി സൂക്ഷിക്കാൻ നിർബന്ധിതരാവുന്നവർ, അതിനായി അസാധാരണമായ തിരക്കു കൂട്ടുന്നവർ, രോഗപ്രതിരോധത്തിനായി ഗോമൂത്രം കുടിച്ച് അപകടത്തിൽ പെടുന്നവർ, വൈദ്യ ചികിൽസ തേടാതെ ഒഴിഞ്ഞൊളിച്ച് നടക്കുന്നവർ, വിദേശത്തു നിന്നെത്തുന്ന മക്കളെ കൈയൊഴിയുന്ന മാതാപിതാക്കൾ, പ്രായമായ രോഗബാധിതരായ മാതാപിതാക്കളെ നിഷ്‌കരുണം ഉപേക്ഷിച്ച് പോകുന്ന മക്കൾ..
ലോകമെമ്പാടും  ഇങ്ങനെ  പല സംഭ്രമജനകമായ പ്രവണതകളും അനുദിനം പെരുകി വരികയാണ്. പല സാധനങ്ങൾക്കും റേഷനിംഗ് ഏർപ്പെടുത്തേണ്ട ഘട്ടമാണിപ്പോൾ അധിക രാജ്യങ്ങളിലും സംജാതമായിരിക്കുന്നത്. ഓഫ് ലൈൻ,  ഓൺ ലൈൻ മാർക്കറ്റുകളിൽ അപൂർവമായ തിരക്കാണിപ്പോൾ.  അതിൽ ഏറെ ശ്രദ്ധേയമായ ഒരു കാര്യം  കണക്കില്ലാതെ ടോയ്‌ലറ്റ് പേപ്പർ വാങ്ങിക്കൂട്ടുന്ന തരത്തിലേക്ക് പാശ്ചാത്യ ജനത ഒന്നാകെ  മാറി എന്നുള്ളതാണ്.  ഒരു പക്ഷേ ഈ പ്രതിസന്ധിക്കാലം ഭാവിയിൽ ചിലപ്പോൾ അറിയപ്പെടുക ടോയ്‌ലറ്റ് പേപ്പർ താരമായ കാലം എന്നു കൂടിയായിരിക്കും.
വളരെ പെട്ടെന്ന് പരിഭ്രാന്തിയിൽ അകപ്പെടുന്ന  ദുർബലനായ ഒരു ജീവിയാണ് മനുഷ്യൻ.  യുക്തി ബോധം വളരെയെളുപ്പം കൈമോശം വരുന്നവൻ. വളരെ എളുപ്പത്തിൽ മാനസികമായ  പിരിമുറുക്കത്തിലേക്ക് വഴുതി വീണ് മടയൻ പ്രവർത്തനങ്ങളിലേക്ക് നയിക്കപ്പെടുന്നവൻ. 
ഇതിനു   പ്രധാന  കാരണം  മസ്തിഷ്‌കത്തിലെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന  പ്രിഫന്റൽ  കോർട്ടെക്‌സിൽ തീരുമാനങ്ങളെടുക്കാൻ  ആവശ്യമായ   അറിവില്ലാതെ  വരുമ്പോഴാണ്. അല്ലെങ്കിൽ പരസ്പര വിരുദ്ധമായ അറിവുകളുടെ സംഘട്ടനം നടക്കുന്നതിനാലാണ്. ഈ സാഹചര്യമാണ് പലപ്പോഴും മനുഷ്യനെ  അകാരണമായ  ഭീതിയിലാഴ്ത്തുകയും  യുക്തിരഹിതമായ പല  തീരുമാനങ്ങളെടുക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. 
അമിതമായ ഉൽക്കണ്ഠ അപകടകരമാണ്;  അനാരോഗ്യകരമാണ്. അറിവില്ലായ്മയാണ് ഉൽക്കണ്ഠക്ക് കാരണം. അറിവില്ലാത്ത കാര്യങ്ങൾ, വിശ്വാസ യോഗ്യമായ സ്രോതസ്സുകളിൽ നിന്ന് വായിച്ചും കേട്ടും മനസ്സിലാക്കിയാൽ അകാരണമായ ഭീതി ഒരു പരിധി വരെ ഇല്ലാതാക്കാൻ പറ്റും. 
രോഗ പ്രതിരോധ മാർഗങ്ങളിൽ പ്രധാനം ശുചിത്വമാണ്.  പകർച്ചവ്യാധി പിടിപെട്ട്  രോഗിയാവാതിരിക്കാൻ, മനോരോഗത്തിനടിപ്പെടാതിരിക്കാൻ  സർക്കാറുകളും ആരോഗ്യ കേന്ദ്രങ്ങളും നൽകുന്ന മുന്നറിയിപ്പുകളും മുൻകരുതലുകളും കണിശമായി  പാലിക്കുകയാണ് വേണ്ടത്. ആൾക്കൂട്ടത്തിൽ ചെന്നു പെടാതിരിക്കാനും രോഗികളും  രോഗസാധ്യതയുള്ളവരുമായി പരമാവധി സുരക്ഷിതമായ  അകലം പാലിക്കാനും  നാം ബാധ്യസ്ഥരാണെന്ന  കാര്യം മറക്കാതിരിക്കുക. കൂടാതെ  പുറത്തു പോയതിന് ശേഷം കൈകൾ വേണ്ട രീതിയിൽ വൃത്തിയാക്കിയിട്ടുണ്ടോ എന്ന ഒറ്റ ചോദ്യം കൊണ്ടു തന്നെ അനാവശ്യമായ ആശങ്കകൾ അകറ്റാൻ കഴിയുമെന്നുമറിയുക.
വിദ്യാലയങ്ങളും ആരാധനാലയങ്ങളും മാളുകളുമെല്ലാം അടച്ചിടുന്നതു രോഗവ്യാപനത്തിന്റെ തോതു കുറക്കാനാണെന്ന സാമാന്യ  ബോധം എല്ലാവരിലുമുണ്ടാവണം. ഭീകരമായ ഈ പകർച്ചവ്യാധിയെ ചെറുത്ത് തോൽപിക്കാൻ,  കഴിയാവുന്നതും വീടുകളിൽ പരമാവധി ശുചിത്വം പാലിച്ച് കഴിഞ്ഞുകൂടുകയേ വഴിയുള്ളൂ. 
ശാസ്ത്രപുരോഗതി വഴി മനുഷ്യൻ നേടിയെടുത്ത അറിവുകൾ കൊണ്ട് മാത്രം മനസ്സമാധാനവും ജീവിത ക്ഷേമവും വിശുദ്ധിയും കൈവരില്ലെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടിയിരിക്കുന്നു.
കാലാ കാലങ്ങളിലായി മനുഷ്യ രാശിക്ക് പ്രവാചകരിലൂടെ വേദങ്ങൾ മുഖേന ലഭിച്ച ദൈവിക മാർഗദർശനങ്ങൾ കൂടി ഗൗരവമായി വിമർശനാത്മകമായി പഠനവിധേയമാക്കി നോക്കൂ. മുൻ കഴിഞ്ഞ തലമുറകൾ നേരിട്ട പരീക്ഷണങ്ങളും വെല്ലുവിളികളും അവയോട് ജനം പ്രതികരിച്ച വിവിധ രീതികളും ഒട്ടേറെ മുന്നറിയിപ്പുകളൂം താക്കീതുകളും ആശ്വാസ വചനങ്ങളുമൊക്കെ അവയിൽ കാണാം.  ഇത്തരം കെടുതികളും ഭയങ്ങളുമെല്ലാം പുതിയ വെളിച്ചത്തിൽ ഉൾക്കൊള്ളാനും തരണം ചെയ്യാനും ധീരമായി ആത്മവിശ്വാസത്തോടെ മനഃസംതൃപ്തിയോടെ നേരിടാനും അത്തരം ഗ്രന്ഥങ്ങളുടെ പാരായണത്തിലൂടെ  കഴിഞ്ഞേക്കും. 

ബാഹ്യമായ എല്ലാ വിനോദങ്ങളും വ്യവഹാരങ്ങളും തൽക്കാലം വിലക്കപ്പെട്ട ഈ മുൻകരുതലിന്റെ നാളുകളിലെ ഒഴിവു വേളകളെ   സ്വയമറിയാനും ജീവിത ധന്യത നുകരാനുമുള്ള ആത്മവിചിന്തനത്തിന്റെയും പഠന മനനങ്ങളുടെയും സവിശേഷ അവസരമാക്കി മാറ്റുക.  
കഴിയുമെങ്കിൽ സോഷ്യൽ മീഡിയയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ബോധപൂർവം കുറച്ചു നേരമെങ്കിലും അകന്നു നിന്ന് ഡിജിറ്റൽ ഡിസ്റ്റൻസിംഗ് കൂടി നടപ്പാക്കി  കൂടുതൽ ഗുണപരമായി കുടുംബത്തോടൊപ്പം സർഗാത്മകമായി  സമയം ചെലവിടുകയും അലസരാവാതെ ഗാർഹിക വിനോദങ്ങളിലും  വായനയിലും ചരിത്ര പഠനങ്ങളിലും ശാസ്ത്ര, വേദ പഠനങ്ങളിലും  പരമാവധി ബദ്ധശ്രദ്ധരാവുകയും ചെയ്യുക.  ഉൽക്കണ്ഠകൾക്കറുതി വരുത്താനും  പുതിയ ഊർജവും  ഉൾവെളിച്ചവും പ്രസരിപ്പും ഉൾക്കരുത്തും നേടിയെടുക്കാനും അതേറെ  സഹായിക്കും.

Latest News