ദുബായ്- യു.എ.ഇയിലെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജുഡീഷ്യല്‍ അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ലോകത്ത് വ്യാപിക്കുകയും 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കുന്നതില്‍ ആളുകള്‍ പരാജയപ്പെടുമോ എന്ന ഭയം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി പറഞ്ഞു. രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുമെന്നതിനാല്‍ 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും നിയമലംഘനമായി കണക്കാക്കും.
സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് 2014 ലെ ഫെഡറല്‍ നിയമം നമ്പര്‍ 14 അനുസരിച്ച്, വൈറസ് മനപ്പൂര്‍വ്വം പടര്‍ത്തുന്ന രോഗികള്‍ക്ക്, പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.






