റോം - ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബാധയിൽ ഏറ്റവും ആൾ നാശം ചൈനയിലല്ല, ഇറ്റലിയിൽ. ഇറ്റലിയിൽ ഇന്നലെ വരെ 3405 പേരാണ് വൈറസ് ബാധയിൽ മരിച്ചത്. ചൈനയിൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 3245 മരണവും.
ഇന്നലെയാണ് ഇറ്റലിയിൽ കോവിഡ് മരണസംഖ്യ ചൈനയെയും മറികടന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 427 പേർ മരിച്ചു. ചൈനയിൽ ഇന്നലെ എട്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇറ്റലിയിൽ കൊറോണ ബാധ കൈവിട്ടപോവുകയാണെന്നാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 5322 പുതിയ കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തു. അതേസമയം വൈറസിനെ ചെറുക്കുന്നതിൽ വിജയിച്ച ചൈനയിൽ ഇന്നലെ 34 പുതിയ കേസുകളെ റിപ്പോർട്ട് ചെയ്തുള്ളു. പുതിയ കേസുകളുടെ കാര്യത്തിൽ മറ്റ് പല രാജ്യങ്ങളെക്കാളും പിന്നിലാണ് ഇപ്പോൾ ചൈന.
ലോകത്ത് കോവിഡ് മരണസംഖ്യ ഇന്നലെ വൈകുന്നേരം വരെ 9953 ആയി. ഇന്നലെ മാത്രം 1010 പേർ മരിച്ചു.
മൊത്തം 2,39,773 പേർക്കാണ് ഇതുവരെ ലോകത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 20,985 കേസുകൾ പുതിയതാണ്. യൂറോപ്പിൽ മാത്രം കൊറോണ ബാധിതിൽ ഒരു ലക്ഷം കവിഞ്ഞു.
ഇറ്റലി കഴിഞ്ഞാൽ ഇന്നലെ ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത് സ്‌പെയിനിലാണ് -165. ഇതോടെ വൈറസ് ബാധയിൽ രാജ്യത്ത് മരണം 803 ആയി. 2626 പുതിയ കേസുകളും സ്‌പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇറാനിൽ ഇന്നലെ 149 പേർ മരിച്ചു (ആകെ 1284). ഫ്രാൻസിൽ ഇന്നലെ മാത്രം മരണം 108, ആകെ 372. അമേരിക്കയിൽ 21ഉം (ആകെ 171), ബ്രിട്ടനിൽ 40ഉം (144), ജർമനിയിൽ 16ഉം (44) പേർ ഇന്നലെ മരിച്ചു.
കൊറോണ വൈറസ് ബാധ ഈവിധം തുടർന്നാൽ ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് കാട്ടുതീപോലെ പടർന്നുപിടിക്കാൻ അനുവദിച്ചാൽ വലിയ തോതിൽ ജീവഹാനിയുണ്ടാവും. കൊറോണക്കതിരെ ആഗോള തലത്തിൽതന്നെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.






