Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 36 പേര്‍ക്കും യു.എ.ഇയില്‍ 27 പേര്‍ക്കും പുതുതായി കോവിഡ്

റിയാദ്- സൗദി അറേബ്യയില്‍ 36 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 274 ആയി. ഇവരില്‍ 17 പേര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നെത്തിയവരാണ്.  19 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍നിന്ന് പകര്‍ന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, യു.കെ, സ്‌പെയിന്‍, കുവൈത്ത്, ഇറാന്‍, യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുതുതായി രോഗം ബാധിച്ചവരില്‍ 21 പേര്‍ റിയാദിലും നാല് പേര്‍ ഖത്തീഫിലും മൂന്ന് പേര്‍ മക്കയിലും മൂന്ന് പേര്‍ ദമാമിലും രണ്ട് പേര്‍ ഹുഫൂഫിലും ഒരാള്‍ വീതം ജിദ്ദ, ദഹറാന്‍, മഹായില്‍ അസീര്‍ എന്നിവിടങ്ങളിലും ആശുപത്രികളില്‍ ഐസൊലോഷന്‍ വാര്‍ഡുകളിലാണ്.
യു.എ.ഇയില്‍ പുതുതായി 27 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 140 ആയി. ഇക്കൂട്ടത്തില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രോഗബാധിതരില്‍ 31 പേരുടെ അസുഖം പൂര്‍ണമായും ഭേദമായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ഹുസനി അറിയിച്ചു. യു.എ.ഇയില്‍ മുഴുവന്‍ സ്‌പോര്‍ട്‌സ് പരിപാടികളും നിര്‍ത്തിവെച്ചിട്ടുണ്ട്.
ഇറാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ ബാധിച്ച് 149 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊറോണ പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം 1,284 ആയി ഉയര്‍ന്നു. ഇറാനില്‍ ഇതുവരെ 18,407 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബഹ്‌റൈനില്‍ പുതുതായി 12 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 268 ആയി. കുവൈത്തില്‍ ആറു പേര്‍ക്കു കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ പിടിപെട്ടവരുടെ എണ്ണം 148 ആയും ഉയര്‍ന്നു. ഖത്തറില്‍ ഇതുവരെ 452 പേര്‍ക്കും ഒമാനില്‍ 39 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

Latest News