റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് അവരുടെ സമ്മതം കൂടാതെ വേതനരഹിത ലീവ് അനുവദിക്കുന്നതിന് നിയമത്തില്‍ വകുപ്പില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
വേതനരഹിത ലീവ് തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ പാടില്ല. ചില സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് അവരുടെ സമ്മതം കൂടാതെ വേതനരഹിത ലീവ് അനുവദിക്കുന്നുണ്ട്. ഇതേ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് തൊഴിലാളികളുടെ സമ്മതം കൂടാതെ വേതനരഹിത ലീവ് അനുവദിക്കുന്നതിന് നിയമത്തില്‍ വകുപ്പില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.
തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ ബാധ്യസ്ഥരാണ്. അസാധാരണമായ തല്‍ക്കാലിക സാഹചര്യങ്ങള്‍ തൊഴില്‍ കരാര്‍ പാലനത്തെ ബാധിക്കാവതല്ല. പരമ്പരാഗത രീതിയില്‍ ജോലികള്‍ നിര്‍വഹിക്കാന്‍ നിലവിലെ സാഹചര്യങ്ങള്‍ മൂലം സാധിക്കാത്തവര്‍ക്ക് വിദൂര തൊഴില്‍ രീതി അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ അവലംബിച്ച് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിക്കുകയും നിയമങ്ങള്‍ പാലിക്കുകയും വേണം. വേതനരഹിത ലീവ് അടിച്ചേല്‍പിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 19911 എന്ന ഏകീകൃത നമ്പറില്‍ ബന്ധപ്പെട്ടോ പരാതികള്‍ നല്‍കാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളുടെ ഫലമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളില്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നതും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ഇതിനു പുറമെ സ്ഥാപനങ്ങളുടെ ശാഖകളിലും മറ്റു ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ കുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതിയുള്ള സ്ഥാപനങ്ങളില്‍ തന്നെ ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ കാര്യമായ ബിസിനസുകള്‍ നടക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വരുമാന നഷ്ടം മൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി നല്‍കുന്നത്. എന്നാല്‍ ജീവനക്കാരുടെ സമ്മതമില്ലാതെ ഇങ്ങിനെ വേതനരഹിത അവധി നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ഇത് ശിക്ഷകള്‍ വിളിച്ചുവരുത്തുന്ന നിയമ ലംഘനമാണെന്നുമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.






