റിയാദ് - സൗദിയില്‍ കൊറോണ ബാധിതരില്‍ രണ്ടു പേരുടെ കൂടി രോഗം പൂര്‍ണമായും ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് എട്ട് പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 238 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. രോഗബാധ സംശയിച്ച് 14,000 ലേറെ പേര്‍ക്ക് ലാബ് പരിശോധനകള്‍ നടത്തി.
കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തെത്തിയതാണ് മൂന്നു ദിവസത്തിനിടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരാന്‍ ഇടയാക്കിയത്. മൂന്നു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതില്‍ നല്ലൊരു ശതമാനവും വിദേശങ്ങളില്‍ നിന്ന് എത്തിയവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു.
സൗദിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 180 പേര്‍ക്കും കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിലൂടെയും ഈ രാജ്യങ്ങളിലൂടെ കടന്നുപോയതിലൂടെയുമാണ് രോഗം ബാധിച്ചത്. രോഗികളില്‍ ആറു പേര്‍ കുട്ടികളാണ്. 115 പുരുഷന്മാര്‍ക്കും 123 വനിതകള്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 9,500 ഓളം പേര്‍ക്ക് ക്വാറന്റൈനും ഐസൊലേഷനും ബാധകമാക്കിയതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.






