കോവിഡ് ജാഗ്രത: 300 കോടി ജനങ്ങള്‍ക്ക് കൈകഴുകാന്‍ സോപ്പും വെള്ളവുമില്ല

പാരീസ്- കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചും യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയും നടപടികള്‍ വിപുലമാക്കുമ്പോള്‍ യു.എന്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് മറ്റൊന്നാണ്.
കോവിഡ് 19 പടരാതിരിക്കാന്‍ അത്യാവശ്യം സ്വീകരിക്കേണ്ട മുന്‍കരുതലായ കൈകള്‍ വൃത്തിയാക്കാന്‍ 300 കോടി ജനങ്ങള്‍ക്ക് സോപ്പും വെള്ളവുമില്ല. സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും അടിസ്ഥാന ആയുധങ്ങളാണിത്.


കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ശേഷം കോവിഡ് ലോകമെമ്പാടും അതിവേഗത്തിലാണ് പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിനകം രണ്ടുലക്ഷത്തിലേറെ ആളുകളെ ബാധിക്കുകയും 9,000 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തു. ഇപ്പോള്‍ വൈറസിനെതിരായ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായ യൂറോപ്പില്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദുര്‍ബലമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുള്ള വികസ്വര രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ന്നുവരികയാണ്.


ആഫ്രിക്കയിലും ഏഷ്യയിലും വിവിധ രാജ്യങ്ങള്‍ യാത്രകള്‍ വിലക്കുകയും വിദ്യാലയങ്ങള്‍ അടിച്ചിടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കോവിഡ്19 ല്‍ നിന്ന് രക്ഷനേടാന്‍ വ്യക്തികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യമായ കൈകള്‍ വൃത്തിയായി കഴുകുക എന്നത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാധിക്കുന്നില്ല.

ലോകജനസംഖ്യയുടെ 40 ശതമാനം വരുന്ന 300 കോടി ആളുകള്‍ക്ക് വീട്ടില്‍ കൈ കഴുകാനുള്ള മാര്‍ഗമില്ലെന്നാണ് ഗാര്‍ഹിക സര്‍വേ ഡാറ്റ പ്രകാരം യൂനിസെഫ് കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് എളുപ്പം വെള്ളം ലഭിക്കുന്നില്ല. സോപ്പ് വാങ്ങാന്‍ കഴിയുന്നില്ലെന്നതിനു പുറമെ, ആരോഗ്യം സംരക്ഷിക്കുന്നതില്‍ കൈകള്‍ ശുചിയാക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ലെന്നും കിഴക്കന്‍ ദക്ഷിണാഫ്രിക്കയിലെ യുനിസെഫ് ജല-ശുചിത്വ മേധാവി സാം ഗോഡ്‌ഫ്രെ പറഞ്ഞു.  ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുന്നിലെ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ ആദ്യത്തെ കോവിഡ് അണുബാധ രാജ്യത്തിനു പുറത്തുപോയി തിരിച്ചുവന്നവരില്‍നിന്നാകാമെങ്കിലും ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം അത് ധനികനില്‍ തുടങ്ങി ദരിദ്രരില്‍ അവസാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

 

Latest News