ദുബായ്- കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഈജിപ്തില്‍ 19000 ല്‍ എത്തിയെന്ന കനേഡിയന്‍ മെഡിക്കല്‍ ഡോക്ടറുടെ പഠനം ഉദ്ധരിച്ച് തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ദ ഗാര്‍ഡിയന്‍ പത്രം മാപ്പു പറയണമെന്ന് ഈജിപ്തിലെ സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (എസ്.ഐ.എസ്) ആവശ്യപ്പെട്ടു.
ഈജിപ്തിനെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുന്ന ജനറല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി, ബ്രിട്ടീഷ് പത്രമായ“ ദി ഗാര്‍ഡിയനില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് കണ്ടെത്തിയതായി എസ്.ഐ.എസ് പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തില്‍ കൊറോണ വൈറസിന്റെ പുതിയ കേസുകളുടെ എണ്ണം സംബന്ധിച്ച തെറ്റായ സംഖ്യകളും കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
തെറ്റായതും അതിശയോക്തിപരവുമായ ഇതേ കണക്കുകള്‍ പകര്‍ത്തിയ കയ്‌റോയിലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറുടെ അസംഖ്യം ട്വീറ്റുകളിലും അതൃപ്തിയുണ്ടെന്ന് ഈജിപ്ത് വ്യക്തമാക്കി.
ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 196 ആണ്, ആറ് പേര്‍ മാത്രമാണ് മരിച്ചത്. 26 രോഗികള്‍ സുഖം പ്രാപിച്ചു.
തെറ്റായ റിപ്പോര്‍ട്ടുകളുടെ പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് കയ്‌റോ ബ്യൂറോ മേധാവിയെ ശാസിച്ച അധികൃതര്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.