ഓണ്‍ അറൈവല്‍ വിസയും യു.എ.ഇ നിര്‍ത്തി

ദുബായ്-  കോവിഡ്19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19 മുതല്‍ യു.എ.ഇ ഓണ്‍ അെൈറവല്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
യു.കെയില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെന്ന് യു.എ.ഇയുടെ ലണ്ടന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.
മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണിത്.

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നിര്‍ത്തി. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിസ നടപടികള്‍ യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
സന്ദര്‍ശക വിസയിലുള്ളവരെ യു.എ.ഇയിലേക്ക് എത്തിക്കരുതെന്ന് എയര്‍ലൈനുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ നല്‍കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു. ആറ് മാസത്തിന് മുകളില്‍ യു.എ.ഇക്ക് പുറത്ത് തങ്ങിയവരെയും യു.എ.ഇ വിസയുള്ള പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല.
മെഡിക്കല്‍, കാലാവസ്ഥ വിഭാഗത്തില്‍പെട്ടവര്‍ക്ക് എമര്‍ജന്‍സി വിസ വേണമെങ്കില്‍ നല്‍കും. കൊറോണ നിയന്ത്രണവിധേയമായ ശേഷമേ വിസ നിയന്ത്രണത്തില്‍ ഇളവുണ്ടാവൂ. കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

 

Latest News