കുവൈത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണബാധ

കുവൈത്ത് സിറ്റി - കുവൈത്തില്‍ പുതുതായി 12 പേര്‍ക്ക് കൂടി കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 142 ആയി. ഇക്കൂട്ടത്തില്‍ 15 പേരുടെ അസുഖം പൂര്‍ണമായും ഭേദമായി. 127 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് പറഞ്ഞു. രോഗികളില്‍ നാലു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. 573 പേര്‍ ക്വാറന്റൈനുകളില്‍നിന്ന് പുറത്തുപോയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 12,997 പേര്‍ക്കാണ് കൊറോണ ബാധ സംശയിച്ച് പരിശോധനകള്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കുവൈത്തില്‍ പുതുതായി മൂന്നു പേരുടെ അസുഖമാണ് ഭേദമായതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സ്വബാഹ് പറഞ്ഞു. രണ്ടു വനിതകള്‍ അടക്കം മൂന്നു കുവൈത്തികളുടെ അസുഖമാണ് ഭേദമായത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസില്‍നിന്ന് മുക്തമായവരുടെ എണ്ണം 15 ആയതായും ആരോഗ്യ മന്ത്രി പറഞ്ഞു.

 

Latest News