ദോഹ- കൊറോണ കാലത്ത് പ്രവാസികളടക്കമുള്ള ജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസ നടപടികളുമായി ഖത്തര്‍. ചെറുകിട മേഖലകളുടെ വരുമാനം നിലച്ച അവസ്ഥയില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് സമയം നല്‍കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇളവുകള്‍ പ്രഖ്യാപിച്ചു. 7,500 കോടി റിയാലിന്റെ സാമ്പത്തിക ആനുകൂല്യമാണ് സ്വകാര്യ മേഖലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സ്വകാര്യ മേഖലയിലുള്ളവരുടെ ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചടവുകള്‍ക്ക് ആറ് മാസത്തെ സമയം നല്‍കാന്‍ നടപടിയെടുക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് തിരിച്ചടവ് 6 മാസത്തേക്ക് നീട്ടി. പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ബാങ്ക് വായ്പ ഉണ്ടെന്നതിനാല്‍ നടപടി ആശ്വാസകരമാണ്.
ഭക്ഷ്യ സാധനങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവയെ ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കി. ഹോട്ടല്‍, വിനോദസഞ്ചാര മേഖല, റീട്ടെയ്ല്‍, ചെറുകിടഇടത്തരം വ്യവസായങ്ങള്‍, സേവനങ്ങള്‍ നല്‍കുന്ന വാണിജ്യ സമുച്ചയങ്ങള്‍, വാടകക്കാര്‍, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളെ ആറ് മാസത്തേക്ക് വൈദ്യുതി, വെള്ളം നിരക്കുകളില്‍നിന്ന് ഒഴിവാക്കി. കൂടാതെ ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കും ലോജിസ്റ്റിക് മേഖലക്കും ആറ് മാസത്തെ വാടക നല്‍കേണ്ടതില്ല.






