ന്യൂദല്‍ഹി- കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി. രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ഇതിനെതിരെ സ്വമേധയ കേസെടുത്തിരുന്നു. കേസെടുത്തത്തിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അക്കമിട്ട് പറഞ്ഞിരിക്കുന്നത്.
കൊറോണ വൈറസ് ബാധ പടരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേരളം ജയിലുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നതായി നോട്ടീസില്‍ പറയുന്നു. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ പറയുന്നു.
ജയിലുകളില്‍ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ ആദ്യം നിരീക്ഷണത്തിലായിരിക്കും. ആറു ദിവസമാണ് ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുക. ഇത്തരം നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്തുക്കൊണ്ട് സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു.