ഭര്‍ത്താവിന്റെ മൃതദേഹം വിമാനത്തിലുണ്ടെന്നറിയാതെ ഭാര്യയുടെ യാത്ര 

മസ്‌കത്ത്- ഭര്‍ത്താവിന്റെ  മൃതദേഹം വിമാനത്തിലുണ്ടെന്നറിയാതെ ഭാര്യയുടെ യാത്ര! ആറു മാസം മുന്‍പായിരുന്നു കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ മുഹമ്മദ് സഹീറിന്റെയും ഷിഫാനയുടെയും വിവാഹം. വിവാഹ ശേഷം മനോഹരമായ സ്വപ്നങ്ങളുമായാണ് ഇവര്‍ മസ്‌കത്തിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍, മടങ്ങി വരവില്‍ ഷിഫാന ഒറ്റയ്ക്കായിരുന്നു.
അതും ഭര്‍ത്താവിന്റെ മൃതദേഹം വഹിക്കുന്ന അതേ വിമാനത്തില്‍. ഫുട്‌ബോള്‍ കളിക്കാന്‍ പോയ സഹീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.
മരണവിവരം ഷിഫാനയെ അറിയിക്കാതെ സുഹൃത്തുക്കളാണ് മൃതദേഹം വിമാനത്തില്‍ കയറ്റിയത്. കൊറോണ വൈറസ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സഹീര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് എന്നാണ് സുഹൃത്തുക്കള്‍ ഷഹാനയെ അറിയിച്ചിരുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായ ഷഹാനയെ നാട്ടിലേക്ക് അയക്കാന്‍ സുഹൃത്തുക്കള്‍ ഏറെ പ്രയാസപ്പെട്ടു. കൊറോണ രോഗലക്ഷണങ്ങളുള്ള സഹീറിനെ കാണാന്‍ ഇനി ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ സുഹൃത്തുക്കള്‍ നാട്ടിലേക്ക് പോകാന്‍ ഷഹാനയെ നിര്‍ബന്ധിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷഹാന യാത്ര തിരിച്ചത്. സഹീറിന്റെ മൃതദേഹം വഹിക്കുന്ന പെട്ടി വിമാനത്തിലുണ്ടെന്ന് ഷഹാന അറിയാതിരിക്കാന്‍ സുഹൃത്തുക്കളും നാട്ടിലുള്ള ബന്ധുക്കളും ഏറെ ശ്രദ്ധിച്ചിരുന്നു.
ചുഴലി പുതിയപുരയില്‍ അബ്ദുവിന്റെയും ഖദീജയുടെയും മകനാണ് സഹീര്‍. നിസ്വയിലെ അദര്‍ അല്‍ സമ ആശുപത്രിയില്‍ വച്ചാണ് സഹീര്‍ മരിച്ചത്.

Latest News