Sorry, you need to enable JavaScript to visit this website.

മൽബുവിന്റെ തിരോധാനം  

https://www.malayalamnewsdaily.com/sites/default/files/2020/03/17/malbukadha.jpg

ജോലി കിട്ടിയതിനുള്ള പാർട്ടി കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു സംഭവം. നാലു മണിക്കൂർ നേരത്തേക്ക് മൽബുവിനെ കാണാതായി. ഒപ്പം താമസിക്കുന്നവരുടെ ഭക്ഷണത്തിന്റെ ചാവി സ്വന്തം പോക്കറ്റിലായതിനാൽ ഓഫീസ് വിട്ടാൽ ഉടൻ തന്നെ റൂമിലെത്താറുള്ളതാണ്. 
പൊതുവെ ഒരു മെസ് മാനേജറുടെ പണിയല്ലെങ്കിലും എല്ലാ അന്തേവാസികൾക്കും തുല്യമായി കോഴിയും മീനും മട്ടനുമൊക്കെ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിൽ അതീവ ശുഷ്‌കാന്തിയാണ് മൽബു കാണിച്ചിരുന്നത്.


അതേസമയം, കുക്കിന് ഇതൊന്നും ഇഷ്ടമായിരുന്നില്ല. 
ദേ നിങ്ങൾ ഓരോ വയ്യാവേലി ഉണ്ടാക്കരുതെന്ന് അയാൾ താക്കീത് ചെയ്തിട്ടുമുണ്ട്. അല്ലെങ്കിലും ഓരോരുത്തർക്കമുള്ള മീൻ കഷ്ണത്തിന് പേരെഴുതി വെക്കണമൈാന്നൊക്കെ പറഞ്ഞാൽ ആർക്കാണ് ദഹിക്കുക. ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് പണ്ടത്തെ കഥ വെച്ച് മൽബുവിന്റെ മറുപടി. 


സമയത്ത് ഭക്ഷണം കഴിക്കാനെത്താത്തവരുടെ മീൻ കഷ്ണത്തിന്മേൽ പേരുള്ള ടൂത്ത് പിക്ക് കുത്തിവെക്കുക. വെരി സിമ്പിൾ മെത്തേഡ്. വൈകി വരുന്നവർ നേരത്തെ വരുന്നവർക്ക് തങ്ങളുടെ ഷെയർ വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. അങ്ങനെ ചിലർ ചെയ്യാറുണ്ട്. ഉസ്മാന് ഇന്ന് എവിടെയോ പാർട്ടിയുണ്ട്, അവന്റെ ആ മട്ടൻ പീസിങ്ങ് തന്നേക്ക്.. എന്നു പറഞ്ഞ് ഒരു പീസ് കൂടി സ്വന്തമാക്കുന്നവർ. 
എല്ലാവരും ഒരേപോലെ അധ്വാനിച്ചുണ്ടാക്കിയാണ് മെസ്സിൽ മാസാമസം പണം തരുന്നതെന്നും അതുകൊണ്ട് തന്നെ അർഹമായ മീനും മട്ടനും ചിക്കനുമൊക്കെ കൃത്യമായി ലഭിക്കണമെന്നുമുള്ള പക്ഷക്കാരനാണ് മൽബു. അന്തേവാസികളിൽ ആരും പരാതി പറഞ്ഞെന്നുവരില്ല. ഒരു കഷ്ണം മീനിനു വേണ്ടി അലമ്പുണ്ടാക്കുന്നവനെന്ന പേര് ആരും ഇഷ്ടപ്പെടില്ലല്ലോ. 
നമ്മൾ കണ്ടറിഞ്ഞു ചെയ്യണം -ഇതാണ് മൽബുവിന് കുക്കിനോട് പറയാനുള്ളത്. ഇതു തന്നെയാണ് നിലവിൽ കുക്കുമാരായ എല്ലാവരും മനസ്സിലാക്കാനുള്ളതും.


മൽബുവിനെ കാണാനില്ലെന്ന വിവരം കേരളാ ഹൗസിലെ അന്തേവാസികൾ പരസ്പരം കൈമാറി. എല്ലാവരും വിളിച്ചുനോക്കിയെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫാണ്. ജോലി ലഭിച്ച കമ്പനിയിലേക്ക് ഇഖാമ മാറിക്കഴിഞ്ഞതിനാൽ പോലീസ് പിടിക്കാൻ സാധ്യതയൊന്നുമില്ല. ഫോണിലെ ബാറ്ററി തീർന്ന് സ്വിച്ച് ഓഫാകാനും സാധ്യത കുറവാണ്. കാരണം മൽബുവിന്റെ കൈയിലുള്ള കൊച്ചു ബാഗിൽ എല്ലാ സംവിധാനങ്ങളുമുണ്ട്. പവർ ബാങ്ക് മൽബുവിന് ജീവനാണ്. അതില്ലാതെ പുറത്തിറങ്ങില്ല. 
കൊറോണക്കാലത്ത് പലവിധ തീരുമാനങ്ങളെടുത്തവരാണ് അന്തേവാസികൾ എല്ലാവരും. ജോലി കഴിഞ്ഞ് ചുറ്റിക്കറങ്ങാൻ പോകില്ല, ഉടൻ തന്നെ ഫഌറ്റണയും, കൈകൾ കഴുകിക്കൊണ്ടേ ഇരിക്കും, സാനിറ്റൈസർ ഉപയോഗിക്കും, മൊബൈൽ ഫോണും ഹെഡ് സെറ്റും ഇടക്കിടെ ക്ലീനാക്കും..അങ്ങനെ പോകുന്നു ഓരോരുത്തരുടെയും തീരുമാനങ്ങൾ. കൂട്ടത്തിൽ ഒരാളുടെ തീരുമാനം ശ്രദ്ധേയമാണ്. പേരു പറയുന്നത് ശരിയല്ലാത്തതു കൊണ്ടു പറയുന്നില്ല.

 


ഓഫീസിലേക്കടക്കം എവിടേക്കിറങ്ങിയാലും റോഡിൽ തുപ്പുക ശീലമായിരുന്ന അദ്ദേഹം അതങ്ങു നിർത്തി. അദ്ദേഹത്തോടൊപ്പം മോണിംഗ് വാക്കിനും ഈവനിംഗ് വാക്കിനും മാത്രമല്ല, സൂപ്പർ മാർക്കറ്റിൽ പോകാൻ പോലും മറ്റുള്ളവർക്ക് മടിയായിരുന്നു. കാരണം ഇടവും വലവും നോക്കാതെ തുപ്പിക്കളയും. 
മറ്റൊരാൾ നിർത്തിയത് ഇതിനേക്കാൾ വളരെ മുമ്പേ നിർത്തേണ്ട പണിയാണ്. ടിയാൻ സ്റ്റേജിലൊക്കെ ഇരിക്കുന്നയാളാണ്. എന്നാലും കൈ വിരൽ ഒന്നുകിൽ മൂക്കിലായിരിക്കും അല്ലെങ്കിൽ വായിലായിരിക്കും. പുള്ളിക്കാരനും ആ ശീലം നിർത്തി. ആരെങ്കിലും കണ്ടാലോ എന്ന ചിന്ത വരുത്താൻ കൊറോണ വരേണ്ടിവന്നു. 
കൊറോണ പേടി നിത്യജീവിതത്തിൽ പുലർത്തേണ്ട പല ശീലങ്ങളെ കുറിച്ചും ഉണർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദൈവങ്ങളെയും മതങ്ങളെയും ചീത്ത പറഞ്ഞിരുന്ന പലരുടെയും പോസ്റ്റുകളിൽ പോലുമുണ്ട് മാറ്റങ്ങൾ. 


അന്തേവാസികൾ പല വഴിയിൽ തിരഞ്ഞുവെങ്കിലും ഒടുവിൽ ഉസ്മാനാണ് നാലു മണിക്കൂറിനു ശേഷം മൽബുവിനെ കണ്ടെത്തിയത്. അതും ഒരു സൂപ്പർ മാർക്കറ്റിൽ രണ്ടു ട്രോളി സാധാനങ്ങളുമായി. ഉസ്മാൻ അവിടെ എത്തിയപ്പോൾ മൽബു നീണ്ട ക്യൂവിൽ നിൽക്കുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ ഇത്ര വലിയൊരു ക്യൂ ഉസ്മാൻ ഇതുവരെ കണ്ടിട്ടില്ല. 
കൊറോണ പശ്ചാത്തലത്തിൽ ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും പൂട്ടുമെന്ന വാട്‌സാപ്പ് സന്ദേശമാണ് ജോലി കഴിഞ്ഞയുടൻ മെസ് മാനേജറായ മൽബുവിനെ സൂപ്പർ മാർക്കറ്റിലേക്ക് ഓടിച്ചത്. അവിടത്തെ തിരക്കിനിടയിൽ പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് ഫോൺ എടുത്തു വിളിക്കാൻ പോലും കഴിഞ്ഞില്ലെന്ന് മൽബു. ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പു നൽകി ഉസ്മാനും. 

Latest News