കൊറോണ ജാഗ്രത: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ

അഹമ്മദാബാദ്- റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്ത് രൂപയില്‍നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചു. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനിലെ ജനത്തിരക്ക് കുറക്കുകയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അവകാശപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്‌റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധന.
റെയില്‍വേ സ്‌റ്റേഷനിലെ ജനക്കൂട്ടത്തെ നിയന്തിക്കാനാണ് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കൂടുതല്‍ സ്‌റ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തിലു പിന്നീട് കുറക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ധിപ്പിച്ചത്. പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്നതാണ് അഹമ്മദാബാദ് ഡിവിഷന്‍. ബുധനാഴ്ച മുതല്‍ ഇവിടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍വരും.
കൊറോണ വൈറസ് വ്യാപന ഭീഷണി കണക്കിലെടുത്താണ് അഹമ്മദാബാദ് ഡിവിഷനിലെ എല്ലാ പ്രധാന സ്‌റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ 50 രൂപയായി ഉയര്‍ത്തിയതെന്നും ഇബുധനാഴ്ച ഉച്ചക്ക് 12 മുതല്‍ നിലവില്‍ വരുമെന്നും അഹമ്മദാബാദ് ഡിവിഷന്‍ വക്താവ് പറഞ്ഞു.
രത്‌ലം ഡിവിഷന് കീഴിലെ 135 റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

 

Latest News