റിയാദ്-ഉംറയും സിയാറത്തും നിര്ത്തിവെച്ചതുള്പ്പെടെ കോവിഡ് 19 നേരിടുന്നതിന് സൗദി അറേബ്യ കൈക്കൊള്ളുന്ന നടപടികള്‍ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമാണെന്ന് രാജ്യത്തിന്റെ ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുശൈഖ് പ്രസ്താവിച്ചു.
മനുഷ്യ ജീവനുകളും ആരോഗ്യവും സംരക്ഷിക്കുക ഇസ്ലാമിക അധ്യാപനങ്ങളുടെ ഭാഗമാണെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി രാജ്യം സ്വീകരിക്കുന്ന നടപടികളെന്നും അദ്ദേഹം പറഞ്ഞു.
അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.എപി.എക്ക് നല്കിയ പ്രസ്താവനയില്‍ ശൈഖ് അബ്ദുല്‍ അസീസ് അഭ്യര്‍ഥിച്ചു. രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കുന്നതിനാണ് ആരോഗ്യ, സുരക്ഷാ മന്ത്രാലയങ്ങള്‍ വഴി വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






