റിയാദ്-ഗവൺമെന്റ് ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നത് വിലക്കിയ പതിനാറു ദിവസക്കാലം സാങ്കേതിക പ്രോഗ്രാമുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളും പ്രയോജനപ്പെടുത്തി ജീവനക്കാർക്ക് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന് സൗകര്യമൊരുക്കി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പ്രവർത്തനം തുടരണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
ഇങ്ങനെ സാങ്കേതിക പ്രോഗ്രാമുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളും ഉപയോഗപ്പെടുത്തി പ്രവർത്തനം തുടരുമ്പോൾ സൈബർ സെക്യൂരിറ്റി നയങ്ങൾ കണിശമായി പാലിക്കണമെന്നും നിർദേശമുണ്ട്.
ജോലിസ്ഥത്തിനു പുറത്തുവെച്ച് നിർവഹിക്കാൻ കഴിയാത്ത ജോലികളും നീട്ടിവെക്കാൻ സാധിക്കാത്ത കർത്തവ്യങ്ങളും നിർവഹിക്കുന്നതിന് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ജീവനക്കാർ ജോലി സ്ഥലങ്ങളിൽ ഹാജരാകാൻ പാടുള്ളൂ. ഇങ്ങനെ ജോലി സ്ഥലത്ത് ഹാജരാകേണ്ടതുണ്ടെങ്കിൽ സാധ്യമായത്ര കുറച്ച് ജീവനക്കാർ മാത്രമേ ജോലിസ്ഥലത്ത് എത്താനും പാടുള്ളൂ.
ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും തമ്മിൽ ആശയവിനിമയം ഉറപ്പു വരുത്തുന്നതിനും മുൻകരുതൽ നടപടികളുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനും മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനും അതത് വകുപ്പുകളിലെ ഇൻസ്റ്റിറ്റിയൂഷനൽ കമ്യൂണിക്കേഷൻ യൂനിറ്റുകൾ ഫലപ്രദമായ പങ്ക് ശക്തമായി വഹിക്കണമെന്നും മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.






