കാമുകിയെ കൊന്ന് മൃതദേഹവുമായി കാറില്‍ കറങ്ങിയ യുവാവിനെതിരെ വിചാരണ തുടങ്ങി

ദുബായ്- കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ ഇന്ത്യന്‍ യുവാവിന്റെ കേസില്‍ ദുബായ് കോടതി വിചാരണ തുടങ്ങി. മുന്‍വശത്ത് തന്റെ അരികിലെ സീറ്റില്‍ മൃതദേഹം ഇരുത്തിയാണ് മുക്കാല്‍ മണിക്കൂറോളം യുവാവ് കാറില്‍ നഗരം ചുറ്റിയത്. ഭക്ഷണവും കഴിച്ച ശേഷം  നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. 27കാരനാണ് ഇന്ത്യക്കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം തന്റെ കാറിന്റെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലേക്കാണ് യാത്ര ചെയ്തത്. വഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഷോപ്പിംഗ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട്, മുറഖബാദ് പോലീസ് സ്‌റ്റേഷന് മുന്നിലെ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തി പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കാറിലുണ്ടെന്നും പ്രതി വെളിപ്പെടുത്തി.  ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കാര്‍ പരിശോധിച്ചു. കട്ടിയുള്ള സണ്‍ഷേഡ് ഒട്ടിച്ച ഗ്ലാസുകളായിരുന്നു കാറിന്റേത് എന്നതിനാലാണ് പുറത്തുള്ളവര്‍ മൃതദേഹം കാണാത്തത്. യുവതിയുടെ കഴുത്തു മുറിഞ്ഞ് ചോരയൊലിക്കുന്നതും പിറകിലെ സീറ്റില്‍ രക്തം പുരണ്ട കത്തിയും കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.

 

Latest News