കുവൈത്ത് സിറ്റി- കൊറോണമൂലം കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കുന്നുണ്ടെങ്കിലും ആറു മാസത്തേക്കുള്ള അവശ്യവസ്തുക്കള്‍ സ്‌റ്റോക്കുണ്ടെന്ന് സാമൂഹിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ ശുഐബ്. രാജ്യത്തെ മുഴുവന്‍ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളിലും പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അവശ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിന് രാജ്യത്തെ ഓരോ പാര്‍പ്പിട മേഖലയിലും ഓരോ സ്‌കൂളുകള്‍ കോ ഓപ്പറേറ്റീവ് സ്‌റ്റോറുകള്‍ക്ക് വിട്ടുകൊടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന നടപടിയുടെ ഭാഗമായാണ് അത്. പാര്‍പ്പിട മേഖലയിലെ കോഓപ്പറേറ്റീവ് കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂള്‍ ആകും വിട്ടുനല്‍കുക.
വിദേശത്ത് നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയാതെ ജോലിയില്‍ പ്രവേശിച്ച സ്വകാര്യ ആശുപത്രി ഡോക്ടറെ പിടികൂടി ക്വാറന്റീനിലേക്ക് മാറ്റി. വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണ വിധേയരാകണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് നടപടി. കോവിഡ് 19 പ്രതിരോധത്തിനായുള്ള നടപടികള്‍ ലംഘിക്കാന്‍ ആരെയും അനിവദിക്കില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ വൈദ്യസേവനവിഭാഗം അസി.അണ്ടര്‍സെക്രട്ടറി ഡോ.ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി.
കോവിഡ്19 പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് മടങ്ങാന്‍ താത്പര്യവുമായി 9000 ലേറെ സ്വദേശികള്‍ വിവിധ രാജ്യങ്ങളില്‍. അവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് സഅദ് അല്‍ ഉതൈബി അറിയിച്ചു.






