കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊറോണ

കുവൈത്ത് സിറ്റി- കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 123. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച 10 സ്വദേശികളും ഈജിപ്തില്‍നിന്നു എത്തിയ ഈജിപ്തുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍.

കോവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി വാണിജ്യവ്യവസായ മന്ത്രാലയം. അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മുഴുവന്‍ ആളുകളെയും നാടുകടത്തുന്നതിനും നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ അഫാസി അറിയിച്ചു.

മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട രണ്ട് ഓഫീസുകള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാരെ നാടുകടത്തുന്നതിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിമാന സര്‍വീസ് നിലവിലില്ലാത്തതിനാല്‍ നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ നാടുകടത്തുന്ന നടപടി ക്രമീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News