മൂന്നാറില്‍ ഹോംസ്‌റ്റേയും റിസോര്‍ട്ടുകളും അടച്ചിടുന്നു; യുകെ സ്വദേശി താമസിച്ച ടീ കൗണ്ടിയും പൂട്ടി

മൂന്നാര്‍-  കൊറോണ സ്ഥിരീകരിച്ച യുകെ സ്വദേശി താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ റിസോര്‍ട്ടിലാണ് ഇന്ന് യുകെയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയ കൊറോണ വൈറസ് ബാധിതന്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും റിസോര്‍ട്ടിലുണ്ടായിരുന്നു. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അധികൃതര്‍ അദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം മൂന്നാറില്‍ ഈ മാസം 31വരെ വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കണമെന്ന ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം പല റിസോര്‍ട്ടുകളും അടച്ചുപൂട്ടുകയാണ്.മൂന്നാറിലെ ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. വിദേശികളുടെ യാത്രകള്‍ക്കും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോംസ്‌റ്റേകള്‍ പരിശോധിക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.
 

Latest News