ഇറാനില്‍ പുതിയ ആയിരം കേസുകള്‍, സ്‌പെയിനിലും പടരുന്നു

ലോകത്ത് കൊറോണ ബാധിതര്‍ ഒന്നരലക്ഷം കവിഞ്ഞു, മരണം 5764 പേര്‍
മാഡ്രിഡ്- സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറോളം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 7753 ആയി. ഞായറാഴ്ച മാത്രം 2000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 288. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചു. സ്‌പെയിന്‍ അതിര്‍ത്തി അടച്ചു. ജനങ്ങളെല്ലാം വീട്ടില്‍ തന്നെ കഴിയുകയാണ്. ഫ്രാന്‍സില്‍ ഈഫല്‍ ടവറും ലൂവ്‌റ് മ്യൂസിയവും പൂട്ടി. കഫേകളും റസ്റ്റോറന്റുകളും അടച്ചു.
ഇറാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കേസുകള്‍. 113 മരണം. ഇറാനില്‍ ഇതോടെ മരണ സംഖ്യ 724 ആയി. കൊറോണ ബാധിതരുടെ എണ്ണം 13,000 കവിഞ്ഞ ഇറാന്‍ വൈറസിനോട് പടവെട്ടുകയാണ്.
ലോകത്താകെയുള്ള കൊറോണ കേസുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 137 രാജ്യങ്ങളിലായി 5764 പേര്‍ മരിച്ചു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണ പരിശോധന നടത്തിയതിന്റെ ഫലം നെഗറ്റീവാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ബ്രസീല്‍ പ്രസിഡന്റും സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് കൊറോണ ഉണ്ടായിരുന്നതാണ് ട്രംപിന് പരിശോധന നടത്താന്‍ കാരണം. വിദേശ യാത്രകള്‍ അദ്ദേഹം മാറ്റിവെച്ചു.
ചൈനയില്‍ പുതുതായി 20 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 16 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രാജ്യത്തിനുള്ളില്‍ കൊറോണ പടരുന്നത് ഏകദേശം അവസാനിച്ചിട്ടുണ്ട്.
പാക്കിസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു. അമേരിക്കയില്‍നിന്നെത്തിയ സ്ത്രീ ഗുരുതര നിലയിലാണ്. ഇവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചു.
കൊറോണ പടര്‍ന്ന രാജ്യങ്ങളെ സഹായിക്കാന്‍ ലോകാരോഗ്യ സംഘടന ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു.

 

Latest News