റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയില്‍ മുഴുവന്‍ ഷോപ്പിംഗ് മാളുകളും കൊമേഴ്സ്യല്‍ കോംപ്ലക്സുകളും താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
ഓരോ പ്രവിശ്യയിലും മുനിസിപ്പാലിറ്റി വിഭാഗം ഉത്തരവ് നടപ്പാക്കി തുടങ്ങി. ഇന്ന് മുതല്‍ ഉത്തരവ് പൂര്‍ണമായും നടപ്പാക്കും. മാളുകള്‍ക്കുള്ളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും ഉത്തരവ് ബാധകമല്ല. ഹോട്ടലുകളും വിനോദ കേന്ദ്രങ്ങളും അടക്കണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ കൂടുതല്‍ ഇടപഴകുന്നത് ഒഴിവാക്കാനുള്ള നടപടികള്‍.
റിയാദില്‍ റസ്റ്റോറന്റുകളിലെ വില്പന പാര്‍സലുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഫി ഷോപ്പുകള്‍ക്കും ഇത് ബാധകമാണ്.
മക്ക, കിഴക്കന്‍ പ്രവിശ്യ, അസീര്‍ തുടങ്ങിയ നഗരസഭകള്‍ റെസ്റ്റോറന്റുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും പുതിയ വ്യവസ്ഥകളേര്‍പ്പെടുത്തി.
മേശകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം സ്ഥാപിക്കാനും വൃത്തിഹീന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.






