കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതിയതായി എട്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 112 ആയി.
പുതുതായി വൈറസ് ബാധിച്ചവരില്‍ മൂന്നുപേര്‍ യു.കെയില്‍നിന്ന് മടങ്ങിയെത്തിയ സ്വദേശികളും മറ്റു മൂന്നുപേര്‍ ഇവരുമായി ബന്ധപ്പെട്ട സ്വദേശികളുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.എ.ഇയില്‍ പോയി മടങ്ങിയെത്തിയ സ്വദേശിയും മറ്റൊരാള്‍ ഇറാനില്‍ നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സ്വദേശിയുമാണ്.
ഒമ്പത് പേര്‍ കൊറോണ രോഗബാധയില്‍നിന്ന് മുക്തരായതായും രോഗം പരിശോധിച്ച 324 പേരെ വിട്ടയച്ചതായും നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






