സൗദിയിലേക്ക് മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി; എയര്‍പോര്‍ട്ടിലെത്തിയവര്‍ കുടുങ്ങി

വിമാനം റദ്ദാക്കിയതറിയാതെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയവര്‍.

കൊണ്ടോട്ടി- കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിയതോടെ ഞായറാഴ്ച കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കമുള്ള നിരവധി പേരുടെ യാത്ര മുടങ്ങി.

ഇന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന മൂന്ന് വിമാനങ്ങള്‍ ശനിയാഴ്ച രാത്രി വൈകിയാണ് റദ്ദാക്കിയിരുന്നത്. വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിവരം അറിയുന്നത്. ഈ വിമാനങ്ങളില്‍ 600 ലേറെ യാത്രക്കാരാണ് പോകാനുണ്ടായിരുന്നത്.

പുലര്‍ച്ച  4.50ന് സ്‌പൈസ് ജെറ്റ്, 11.30 ന് സൗദി എയര്‍ലൈന്‍സ് എന്നീ വിമാനങ്ങള്‍ ജിദ്ദയിലേക്കും രാവിലെ 9.15-ന് സൗദി എയര്‍ലൈന്‍സ് റിയാദിലേക്കുമാണ് സര്‍വീസ് തീരുമാനിച്ചിരുന്നത്. രാത്രി വൈകിയാണ് ഇവ റദ്ദാക്കിയത്.

വിമാനങ്ങള്‍ കോഴിക്കോട്ട് എത്തിയെങ്കിലും യാത്രക്കാരില്ലാതെയാണ്  തിരിച്ചുപറക്കുന്നതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. സൗദി പൗരന്മാരുണ്ടെങ്കില്‍ കൊണ്ടുപോകുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരുന്നുവെങ്കിലും യാത്രക്കാരില്ലെന്നാണ് വിവരം.

 

Latest News