ദോഹ- കൊറോണ ബാധയെത്തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് യാത്രാനിയന്ത്രണം. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെയും ഈ രാജ്യങ്ങളില്‍നിന്നുള്ള മറ്റു യാത്രക്കാരുടെയും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ഈ നാല് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ളവരെ ഇനി പോകാനനുവദിക്കില്ല.
സുഡാനില്‍ നിന്ന് ഖത്തറിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഓണ്‍ അറൈവല്‍ വിസ സൗകര്യമുള്ളവര്‍ക്കും ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ ഖത്തര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.






