Sorry, you need to enable JavaScript to visit this website.

ഷാര്‍ജ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: ഇന്ത്യന്‍ സംഘത്തെ തിരയുന്നു

ദുബായ് - ഷാര്‍ജയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ സ്‌പോണ്‍സറെ ആക്രമിച്ച് നാലു കിലോ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ട മൂന്നംഗ ഇന്ത്യന്‍ സംഘത്തിനു വേണ്ടി ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പോണ്‍സറെ ആക്രമിച്ച് സ്വര്‍ണ ബിസ്‌കറ്റുകള്‍ തട്ടിയെടുത്ത സംഘം ഒരു മണിക്കൂറിനകം ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ രാജ്യം വിടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം ഷാര്‍ജ അല്‍മരീജയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലാണ് സംഭവം. 57 കാരനായ ബംഗ്ലാദേശി സ്‌പോണ്‍സറെ ആക്രമിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ ലോക്കറില്‍നിന്ന് സ്വര്‍ണ ബിസ്‌കറ്റുകളും പാസ്‌പോര്‍ട്ടുകളും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തൊഴിലാളികള്‍ സ്‌പോണ്‍സറെ ആക്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ ഷാര്‍ജ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് രാജ്യത്തെത്തിക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ബംഗ്ലാദേശി സ്‌പോണ്‍സറെ അല്‍ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളില്‍ രണ്ടു പേരാണ് സ്‌പോണ്‍സറെ ആക്രമിച്ചത്. ഈ സമയം മൂന്നാമന്‍ മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ച് സ്ഥാപനത്തിന് പുറത്തു നില്‍ക്കുകയായിരുന്നു. സ്‌പോണ്‍സറുടെ കുടുംബാംഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഒരു മണിക്കൂറിനകം മുംബൈ വിമാനത്തില്‍ രാജ്യം വിട്ടതായി കണ്ടെത്തി. രണ്ടു വര്‍ഷം മുമ്പ് ക്യാന്‍സര്‍ രോഗിയായ ബംഗ്ലാദേശുകാരന്‍ ഗുരുതരാവസ്ഥയിലാണ്.

 

Latest News