ഇന്ത്യയിലെ ആദ്യകൊറോണ മരണവും ചികിത്സയും വിവാദത്തില്‍

ബംഗളൂരു/ന്യൂദല്‍ഹി- ഇന്ത്യയിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിക്കുന്നതിലുണ്ടായ കാലതാമസം വലിയ വീഴ്ചയാണെന്നും ഇയാളുമായി ഇടപഴകിയവരെ കണ്ടെത്താനും പരിശോധന നടത്താനും സാധിച്ചില്ലെന്നും ആക്ഷേപം.
കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 ബാധിച്ച്  76 കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയാണ് മരിച്ചത്. ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. ചികിത്സാ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ കുടുംബം നിര്‍ബന്ധം പിടിച്ചതാണ് കേസ് സങ്കീര്‍ണമാക്കിയതെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു.  76 വയസ്സുള്ള രോഗിക്ക്  ആസ്ത്മയും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഒരു മാസത്തിലേറെ മുമ്പാണ് അദ്ദേഹം വിദേശ യാത്ര കഴിഞ്ഞ് മടങ്ങി എത്തിയത്. സ്വകാര്യമേഖലയിലെ ക്ലിനിക്കിലാണ് ചികിത്സ തേടിയത്.  ചികിത്സക്കിടെ അദ്ദേഹത്തിന്റെ നില വഷളായതിനാലാണ് മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് ഒമ്പതിന് അദ്ദേഹത്തിന്റെ സാമ്പിള്‍ എടുക്കുകയും  ജില്ലാ ആശുപത്രി സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം  രോഗിയുടെ കുടുംബം കണക്കിലെടുത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളും പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം നിഷേധിക്കുകയാണ്.
കുടുംബവും സര്‍ക്കാര്‍ അധികൃതരും കലബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയും  പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ മുന്നോട്ടു വെക്കുന്നതിനാല്‍ സദ്ദീഖിയുടെ മരണത്തിന്റ പശ്ചാത്തലം കൂടുതല്‍ ദുരൂഹമാക്കിയിരിക്കയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടായിരുന്നുവെങ്കിലും വൈകിയെന്ന്  സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍  പറഞ്ഞു. ബംഗളൂരുവിലെ വൈറല്‍ റിസര്‍ച്ച് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെ സ്ഥിരീകരണം ലഭിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
ഈ കേസിനെ കുറിച്ചും മറ്റ് കോവിഡ് 19 അനുബന്ധ സംഭവവികാസങ്ങളെയ കുറിച്ചും വിലയിരുത്താന്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാര്‍ക്കര്‍ വ്യാഴാഴ്ച പലതവണ മുഖ്യമന്ത്രി ബി.എസ്.യെദ്ദിയൂരപ്പയെ കണ്ടിരുന്നു.
ദിവസേന ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടത്താറുള്ള  പത്രസമ്മേളനം വൈകിട്ട് ആറു മണിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് നടന്നത് ഏഴുമണിക്കായിരുന്നു. എന്നാല്‍ സിദ്ദീഖിയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് നല്‍കാതെ  ഏത് നിമിഷവും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്.
പരിശോധനാ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകാറുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കാറുള്ളതെങ്കിലും  സിദ്ദീഖിയുടെ  കാര്യത്തില്‍ കൂടുതല്‍ സമയമെടുത്തു. സാമ്പിള്‍ കലബുര്‍ഗിയില്‍നിന്ന് ബംഗളൂരുവില്‍ എത്തിക്കാനുള്ള സമയം കൂടി കണക്കിലെടുക്കണമെന്നാണ്  മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാബുകളില്‍ മറ്റ് സാമ്പിളുകളും പരിശോധിക്കാനുണ്ടായിരുന്നുവെന്നും  എല്ലാം ക്രമത്തിലാണ്  ചെയ്യാറുള്ളതെന്നും മറ്റുള്ളവരെ ബാധിക്കുന്നത് ഉള്‍പ്പെടെയുള്ള അപകടകരമായ പ്രത്യാഘാതങ്ങളുള്ള കേസിന് പ്രത്യേക പരിഗണന നല്‍കിയ മുന്‍ അനുഭവമില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ മരണ കാരണം കോവിഡ് 19 ആണെന്ന കാര്യം രാത്രി 10.07 നാണ് കൊറോണയെക്കുറിച്ചുള്ള  വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി കര്‍ണാടക ആരോഗ്യവകുപ്പ് ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
പിതാവിന്റെ ആരോഗ്യ നില കണ്ട് ഹൈദരാബാദിലെ മൂന്ന് ആശുപത്രികളെങ്കിലും  ചികിത്സിക്കാന്‍ വിസമ്മതിച്ചുവെന്ന് സിദ്ദീഖിയുടെ മകന്‍  ഖാസി അഹമ്മദ് ഫൈസല്‍ കലബുര്‍ഗിയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന വാദം ഖാസി അഹമ്മദ് തള്ളിക്കളയുന്നു. ഗുല്‍ബര്‍ഗയില്‍നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോഴാണ് രോഗിയെ തിരികെ എത്തിച്ച് കലബുര്‍ഗിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കാള്‍ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

 

 

Latest News