കോഴിക്കോട്: കൊറോണ ഭീതിയില്‍ കേരളത്തില്‍ കടുത്ത നിയന്ത്രണം നിലനില്‍ക്കേ മദ്യശാലകള്‍ക്ക് നിയന്ത്രണമില്ലെന്ന് ആവര്‍ത്തിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബീവറേജ് ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ട സാഹകര്യം ഇപ്പോഴില്ല. അതിനാല്‍ കടകള്‍ അടച്ചിടാന്‍ ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ജനസമ്പര്‍ക്കം ഒഴിവാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പുതന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് മദ്യശാലകള്‍ക്ക് നിയന്ത്രണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി രംഗത്തെത്തുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജി ഗോപാലകൃഷ്ണന്റെ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പാര്‍ക്കുകളും സിനിമാ ശാലകളും മറ്റ് പൊതുവിടങ്ങളും ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് അടപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മദ്യശാലകളില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം ഇല്ലാത്തത് രോഗവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം, പൊതുവേ ഒഴിവുദിവസങ്ങളില്‍ മദ്യഉപഭോഗം കൂടുന്ന സംസ്ഥാനത്ത് കൊറോണ ഭീതിയില്‍ അധികപേരും അവധിയെടുത്ത് വീട്ടിലിരിക്കുന്നതിനാല്‍ ഈ അവസരത്തില്‍ മദ്യവില്‍പനയിലൂടെ ലഭിക്കുന്ന അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നതെങ്കില്‍ കടുത്ത പ്രത്യാഘാതമാവും കാത്തിരിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.






