Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് റദ്ദാക്കിയാൽ...

തിരി തെളിയുമോ, മിഴിയടയുമോ?... ഗ്രീസിലെ പുരാതന ഒളിംപിയയിൽ വ്യാഴാഴ്ച ഒളിംപിക്‌സിന്റെ ദീപശിഖ തെളിയിച്ചപ്പോൾ.
പാതിവഴിയിൽ... ടോക്കിയൊ നഗരത്തിൽ കൂറ്റൻ ഒളിംപിക്‌സ് ബാനർ സ്ഥാപിക്കുന്നു. 
ഏകാന്തത, ഏകാഗ്രത... ചൈനീസ് ജാവലിൻ താരം പുറംലോക സമ്പർക്കമില്ലാതെ പരിശീലനത്തിൽ. 
കാത്തിരിപ്പും കരുതലും... ടോക്കിയോ നഗരത്തിൽ കൊറോണ മുൻകരുതലെടുത്തവർ ഒളിംപിക് വലയത്തിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കുന്നു. 
തയാറെടുപ്പ്... ഒളിംപിക്‌സിന്റെ തുഴച്ചിൽ, നീന്തൽ വേദികൾ

 

ഒരു ജന്മം നീണ്ട സ്വപ്‌നവുമായി കായിക താരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവസാന ഒരുക്കത്തിലാണ്. ഒളിംപിക്‌സ് നിശ്ചയിച്ചതു പോലെ നടത്തുമെന്ന് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയും ടോക്കിയൊ സംഘാടകരും ആണയിടുന്നു. അങ്ങനെ ആവർത്തിച്ചുപറഞ്ഞ പലരും അവസാനം മുട്ടുമടക്കേണ്ടി വന്ന വിധത്തിലാണ് കൊറോണ ലോകമാകമാനം പടർന്നുപിടിക്കുന്നത്.  ഒളിംപിക്‌സിന്റെ മുകളിലും ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്....

കൊറോണ രോഗബാധയെ പകർച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ടോക്കിയൊ ഒളിംപിക്‌സ് റദ്ദാക്കുമോ? നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇനി നാലു മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു ജന്മം നീണ്ട സ്വപ്‌നവുമായി കായിക താരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവസാന ഒരുക്കത്തിലാണ്. ഒളിംപിക്‌സ് നിശ്ചയിച്ചതു പോലെ നടത്തുമെന്ന് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയും ടോക്കിയൊ സംഘാടകരും ആണയിടുന്നു. അങ്ങനെ ആവർത്തിച്ചുപറഞ്ഞ പലരും അവസാനം മുട്ടുമടക്കേണ്ടി വന്ന വിധത്തിലാണ് കൊറോണ ലോകമാകമാനം പടർന്നുപിടിക്കുന്നത്. ഒളിംപിക്‌സിന്റെ മുകളിലും ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. ഒളിംപിക്‌സ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ കാണികളില്ലാതെ നടത്തേണ്ടി വരികയോ ചെയ്താൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കൊറോണ പോലെ അതിന്റെ പ്രതിധ്വനി ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമുയരും. 


ജൂലൈ 24 നാണ് ഒളിംപിക്‌സ് ആരംഭിക്കേണ്ടത്. 11,000 കായിക താരങ്ങളും പാരാലിംപിക്‌സിൽ പങ്കെടുക്കേണ്ട 4400 കളിക്കാരും ശ്വാസമടക്കിയാണ് ഓരോ മണിക്കൂറും തള്ളിനീക്കുന്നത്. കോച്ചുമാരും ഒഫിഷ്യലുകളും സ്‌പോൺസർമാരും ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റർമാരും ആരാധകരുമൊക്കെ വേറെ. ഒളിംപിക്‌സ് ഇന്ന് വെറുമൊരു കളിയല്ല, മെഗാ ബിസിനസാണ്. ഹോട്ടലുകളും എയർലൈനുകളും ടാക്‌സി ഡ്രൈവർമാരും എൺപതിനായിരത്തോളം വളണ്ടിയർമാരുമെല്ലാം അപൂർവ അനുഭവത്തിനായി കാത്തിരിക്കുകയാണ്. 
ഒളിംപിക്‌സ് റദ്ദാക്കിയേക്കുമെന്ന സൂചനകൾ പോലും തന്നെ ഞെട്ടിക്കുന്നുവെന്ന് രണ്ടു തവണ ലോക ചാമ്പ്യനായ ഗുസ്തി താരം ജെയ്ദൻ കോക്‌സ് പറയുന്നു. റിയോ ഒളിംപിക്‌സിൽ നേടിയ വെങ്കലം സ്വർണമാക്കി മാറ്റാനുള്ള കഠിനാധ്വാനത്തിലായിരുന്നു കോക്‌സ് കഴിഞ്ഞ നാലു വർഷം. ഒളിംപിക്‌സ് റദ്ദാക്കുന്നത് ഒട്ടനവധി പേരുടെ ഹൃദയം തകർക്കുമെന്ന് കോക്‌സ് പറയുന്നു. 


ഒളിംപിക്‌സ് റദ്ദാക്കിയാൽ സ്വിറ്റ്‌സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിക്ക് കാര്യമായ സാമ്പത്തിക നഷ്ടമൊന്നുമുണ്ടാവില്ല. എന്നാൽ ഒളിംപിക്‌സ് എന്ന ബ്രാൻഡിന് അതേൽപിക്കുന്ന ക്ഷതം ചില്ലറയാവില്ല. 1896 ൽ ആരംഭിച്ച ആധുനിക ഒളിംപിക്‌സ് മൂന്നു തവണ മാത്രമേ മുടങ്ങിയിട്ടുള്ളൂ. മൂന്നും ലോക മഹായുദ്ധ കാലത്തായിരുന്നു.  
മെയ് അവസാനത്തോടെ ഐ.ഒ.സി തീരുമാനമെടുക്കേണ്ടി വരുമെന്ന് എപ്പിഡെമിയോളജിസ്റ്റും യൂനിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌കയിലെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് ഡീനുമായ ഡോ. അലി ഖാൻ കരുതുന്നു. ഒളിംപിക്‌സ് അരങ്ങേറിയാൽ തന്നെ, ഒരുപാട് പേർക്ക് അസുഖം ബാധിക്കുന്നത് നല്ല വാർത്തയായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് രോഗം പകരാൻ എളുപ്പമാണ്. മെനിഞ്ചൈറ്റിസ് മുതൽ സിക വരെ നൽകിയ പാഠം അതാണ്. 


കൊറോണ വൈറസ് അത്ര പെട്ടെന്ന് നശിച്ചു പോവില്ലെന്നാണ് ജപ്പാൻ ഗവൺമെന്റ് പാനൽ അംഗവും പകർച്ചവ്യാധി വിദഗ്ധനുമായ കസൂഹിരൊ തതേദ കരുതുന്നത്. കാലാവസ്ഥക്ക് ചൂടേറുമ്പോൾ അപ്രത്യക്ഷമാവുന്ന ജലദോഷം പോലെയല്ല ഇത്. കൊറോണ വൈറസിനെതിരായ പ്രതിരോധം ഒരു വർഷം കൂടിയോ ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലുമോ തുടരേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. 
ഒളിംപിക്‌സ് റദ്ദാക്കുന്നതു മൂലമുള്ള ധനനഷ്ടം ഒഴിവാക്കാൻ ഐ.ഒ.സി ഒരുപാട് മുൻകരുതലെടുത്തിട്ടുണ്ട്. ഏറ്റവും അവസാനത്തെ വാർഷിക റിപ്പോർട്ട് പ്രകാരം ഐ.ഒ.സിക്ക് 200 കോടി ഡോളർ കരുതൽ ധനശേഖരമുണ്ട്. 2022 ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സ് വരെ ഐ.ഒ.സി സാമ്പത്തിക പ്രതിസന്ധിയിൽ ആവില്ല. 
2016 ലെ റിയൊ ഒളിംപിക്‌സ് റദ്ദാക്കുന്നതിന്റെ സാമ്പത്തിക നഷ്ടം നേരിടാൻ 1.44 കോടി ഡോളർ ഐ.ഒ.സി ഇൻഷുറൻസ് പ്രീമിയം അടച്ചിരുന്നു. 2018 ലെ പ്യോംഗ്ചാംഗ് വിന്റർ ഒളിംപിക്‌സിന് 1.28 കോടി ഡോളറും. ടോക്കിയൊ ഒളിംപിക്‌സിന്റെ ഇൻഷുറൻസ് പ്രീമിയം രണ്ടു കോടി ഡോളറെങ്കിലുമായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഐ.ഒ.സി അധ്യക്ഷൻ തോമസ് ബാഹ് അറിയില്ലെന്നാണ് പ്രതികരിച്ചത്. 


നഷ്ടം വീതം വെച്ചു പോകുമെന്നാണ് ഒളിംപിക് തുഴച്ചിൽ ചാമ്പ്യനും ഹാംബർഗ് യൂനിവേഴ്‌സിറ്റിയിലെ സ്‌പോർട്‌സ് എക്കണോമിക്‌സ് അധ്യാപകനുമായ വുൾഗാംഗ് മേനിഗ് പറയുന്നത്. ഇൻഷുറൻസ് കമ്പനികൾ ഐ.ഒ.സിക്ക് വൻ തുക നൽകേണ്ടി വരും. ബാക്കി ഐ.ഒ.സി വഹിക്കേണ്ടി വരും -മേനിഗ് പറഞ്ഞു. 
ആതിഥേയ നഗരവുമായി 81 പേജുള്ള ഹോസ്റ്റ് സിറ്റി കരാറാണ് ഐ.ഒ.സി ഒപ്പുവെക്കുന്നത്. ടോക്കിയൊ നഗരവുമായും ജാപ്പനീസ് ഒളിംപിക് കമ്മിറ്റിയുമായും 2013 ലാണ് കരാറിലേർപ്പെട്ടത്. കരാറിന്റെ ആമുഖം ഇങ്ങനെയാണ്: 'ഒളിംപിക് ഗെയിംസ് ഐ.ഒ.സിക്ക് മാത്രം അവകാശപ്പെട്ട പ്രസ്ഥാനമാണ്. ലോകമെമ്പാടും അതിന്റെ എല്ലാ അവകാശവും ഐ.ഒ.സിക്കാണ്. സംഘാടനം, നടത്തിപ്പ്, സാമ്പത്തികനേട്ടം, ബ്രോഡ്കാസ്റ്റിംഗ്, റെക്കോർഡിംഗ്, പ്രാതിനിധ്യം, റീപ്രൊഡക്ഷൻ എന്നിവയെല്ലാം ഇതിൽപെടും.'
യുദ്ധം, ആഭ്യന്തര കലാപം, ബഹിഷ്‌കരണം, പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് ഐ.ഒ.സിക്ക് വിശ്വാസ്യയോഗ്യമായി തോന്നുന്ന മറ്റു കാരണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ കരാർ റദ്ദാക്കാനും ഐ.ഒ.സിക്ക് അവകാശമുണ്ട്. 


ഒളിംപിക്‌സിൽ സ്വാഭാവികമായും ഏറ്റവുമധികം ഭീഷണി നേരിടുന്നത് കായിക താരങ്ങളാണ്. 33 കായിക ഇനങ്ങളിലാണ് ഒളിംപിക്‌സിൽ മത്സരം. അതിൽ ബഹുഭൂരിഭാഗവും ഒളിംപിക്‌സ് കാലത്തല്ലാതെ വലിയ ആരാധക പിന്തുണയില്ലാത്തതാണ്. കായികതാരങ്ങളുടെ കരിയർ ദൈർഘ്യം വളരെ കുറവാണെന്നും പല താരങ്ങൾക്കും ഒളിംപിക്‌സിലെ വിജയമാണ് സാമ്പത്തികനേട്ടത്തിനുള്ള ഏക വഴിയെന്നും മസാചുസെറ്റ്‌സ്, വോസ്റ്റർ കോളേജ് ഓഫ് ഹോളി ക്രോസിലെ സ്‌പോർട്‌സ് എക്കണോമിസ്റ്റ് വിക്ടർ മതീസൺ പറയുന്നു. ഹോട്ടലുകളുടെയും മറ്റു സേവന മേഖലകളിലെയും നിക്ഷേപത്തിന് മിക്കവാറും ഇൻഷുറൻസ് പരിരക്ഷയുണ്ടാവില്ല. വേദികളൊരുക്കാൻ സർക്കാർ ചെലവിട്ട കോടികളും റിസ്‌കുള്ള നിക്ഷേപമാണ്. ഒളിംപിക്‌സ് നടത്താൻ ടോക്കിയൊ നഗരം ഔദ്യോഗികമായി ചെലവിട്ടത് 1260 കോടി ഡോളറാണ്. എന്നാൽ യഥാർഥ തുക ഇതിന്റെ ഇരട്ടി വരുമെന്നാണ് സർക്കാർ ഓഡിറ്റ് ഓഫിസ് പറയുന്നത്. പ്രാദേശിക സംഘാടക സമിതി ചെലവിട്ട 560 കോടി ഡോളർ സ്വകാര്യ നിക്ഷേപമാണ്. ബാക്കി ജപ്പാനിലെ നികുതിദായകരുടെ പണമാണ്. പ്രാദേശിക സംഘാടനത്തിനുള്ള ബജറ്റിൽ 100 കോടി ഡോളർ പ്രതീക്ഷിക്കുന്നത് ടിക്കറ്റ് വിൽപനയിൽ നിന്നാണ്. ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചാൽ ഈ തുക നഷ്ടമാവും. 


143 കോടി ഡോളർ ചെലവിട്ടാണ് നാഷനൽ സ്‌റ്റേഡിയം പണിതത്. ഒളിംപിക്‌സ് ഇല്ലായിരുന്നുവെങ്കിൽ വേദികൾക്കായി ചെലവിട്ട പണം മറ്റു ഗുണപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കാമായിരുന്നു. ലോകാരോഗ്യ സംഘടന കൊറോണയെ പകർച്ചവ്യാധിയുടെ ഗണത്തിൽ പെടുത്തിയതോടെ ഐ.ഒ.സിക്കു മുന്നിൽ ദിനങ്ങൾ എണ്ണപ്പെടുകയാണ്. 
ഒളിംപിക്‌സിന്റെ സംപ്രേഷണാവകാശം വിറ്റ വകയിൽ കിട്ടിയ 570 കോടി ഡോളർ ഐ.ഒ.സിയുടെ നാലു വർഷത്തെ മൊത്തം വരുമാനത്തിന്റെ 73 ശതമാനം വരും. അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എൻ.ബി.സിയാണ് അതിന്റെ പകുതിയോളം നൽകുന്നത്. ഒളിംപിക്‌സ് റദ്ദാക്കിയാൽ കമ്പനിക്ക് വലിയ നഷ്ടമുണ്ടാവില്ല. എന്നാൽ പരസ്യ വരുമാനം നഷ്ടപ്പെടും. റിയൊ ഒളിംപിക്‌സിൽ പരസ്യ വരുമാനം 25 കോടി ഡോളറായിരുന്നു. നാല് ഒളിംപിക്‌സുകൾക്കായി എൻ.ബി.സി നൽകിയത് 438 കോടി ഡോളറാണ്. സ്‌പോൺസർഷിപ്പിൽ നിന്നാണ് അവശേഷിച്ച 18 ശതമാനം ഐ.ഒ.സിക്ക് കിട്ടുന്നത്. 
ഒളിംപിക് ഗ്രാമത്തിൽ പണിത മൂവായിരത്തിലേറെ അപാർട്‌മെന്റുകൾ ഗെയിംസിനു ശേഷം വിൽക്കാനുദ്ദേശിച്ചുള്ളവയാണ്. വൻകിടക്കാരാണ് ഈ അപാർട്‌മെന്റുകളിൽ നോട്ടമിട്ടിരിക്കുന്നത്. ഒളിംപിക്‌സ് മുടങ്ങിയാൽ വിൽപന അവതാളത്തിലാവും. 

 

തീരുമാനമെടുക്കേണ്ടത് ആര്?

ഒളിംപിക്‌സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയാണ് (ഐ.ഒ.സി) സ്വീകരിക്കേണ്ടത്. ഒളിംപിക്‌സിലെ മാരത്തൺ മത്സരം ടോക്കിയോയിൽ നിന്ന് സപ്പോരോയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ ടോക്കിയൊ ഗവർണർ യൂറികൊ കോയികെ അതിശക്തമായി എതിർത്തിരുന്നു. പക്ഷെ ഐ.ഒ.സി നിലപാട് മാറ്റിയില്ല. ഒളിംപിക്‌സ് റദ്ദാക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം ഐ.ഒ.സിയുടേതായിരിക്കും. ലോകാരോഗ്യ സംഘടനയുടെയും സ്‌പോൺസർമാരുടെയും ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റർമാരുടെയും നൂറു കണക്കിന് അഭിഭാഷകരുടെയും നിലപാടും പ്രധാനമായിരിക്കും. 


തീരുമാനം എപ്പോൾ?
മെയ് അവസാനത്തോടെ അന്തിമ തീരുമാനമെടുക്കേണ്ടി വരും. അത്‌ലറ്റുകൾക്ക് അവസാന ഒരുക്കത്തിന് സമയം വേണം, ടി.വി സംപ്രേഷണത്തിന് സൗകര്യം ചെയ്യണം, സ്‌പോൺസർമാർക്ക് പരസ്യങ്ങൾ തയാറാക്കാനുള്ള സാവകാശം കിട്ടണം. 
 

ദീപശിഖാ പ്രയാണം ആദ്യ കടമ്പ
കഴിഞ്ഞ ദിവസം ഗ്രീസിലെ ഒളിംപിയയിൽ കൊളുത്തിയ ദീപശിഖ ഈ മാസം 22 ന് വടക്കൻ ജപ്പാനിലെ സൈനിക വിമാനത്താവളത്തിലെത്തും. സ്വീകരണച്ചടങ്ങ് ലളിതമാക്കിയിട്ടുണ്ട്. എങ്കിലും സൈനിക ബാൻഡിന്റെ പ്രകടനവും ജപ്പാൻ സേനയുടെ അഭ്യാസപ്രകടനവും മാറ്റിയിട്ടില്ല. കുട്ടികളുടെ കലാവിരുന്ന് ഒഴിവാക്കി. 2011 ലെ ഭൂകമ്പത്തിലും സുനാമിയിലും ആണവദുരന്തത്തിലും തകർന്ന പ്രദേശങ്ങളിൽ ദീപശിഖ പ്രദർശിപ്പിക്കും. ടോക്കിയോയിൽ നിന്ന് 250 കി.മീ അകലെ ഫുകുഷിമയിൽ ഈ മാസം 26 ന് ദീപശിഖാ റാലി ആരംഭിക്കും. ആഘോഷം എങ്ങനെയെന്ന് 19 ന് ചേരുന്ന സർക്കാർ സയൻസ് പാനലിന്റെ ഉപദേശത്തിനനുസരിച്ച് തീരുമാനിക്കും. മെയ് 18 ന് ദീപശിഖ ഹിരോഷിമയിലെത്തുമ്പോൾ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാഹിന്റെ സാന്നിധ്യം തീരുമാനിച്ചിട്ടുണ്ട്. 

പരീക്ഷണ ടൂർണമെന്റുകൾ
വേദികളിലെ സൗകര്യങ്ങൾ പരീക്ഷിക്കാനുള്ള നിരവധി ടെസ്റ്റ് ഇവന്റുകൾ നിർത്തി വെച്ചു. മെയ് ആറിനാണ് അവസാനത്തേത് നിശ്ചയിച്ചിരിക്കുന്നത്. യോഗ്യതാ ടൂർണമെന്റുകൾ പലതും റദ്ദാക്കിയത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരൊക്കെ ഒളിംപിക്‌സിന് യോഗ്യത നേടി എന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയാണ്.  
ചെലവ് എത്ര?
2800 കോടി ഡോളർ ഒളിംപിക്‌സിനായി ടോക്കിയൊ ചെലവിട്ടിട്ടുണ്ടാവുമെന്നാണ് അനുമാാനം. ഐ.ഒ.സിക്ക് ഇൻഷുറൻസുണ്ട്. അതിനാൽ വലിയ നഷ്ടം സംഭവിക്കില്ല. 

ചൈനയിൽ രഹസ്യ ഒരുക്കം

കൊറോണയുടെ ഉദ്ഭവപ്രദേശമായ ചൈന ഒളിംപിക്‌സിന് രഹസ്യമായി ഒരുങ്ങുന്നു. ബാഹ്യലോകവുമായി പൂർണമായി ബന്ധം വിഛേദിച്ച മട്ടിലാണ് കായികതാരങ്ങൾ. കായിക താരങ്ങളുടെ ശരീരോഷ്മാവ് ദിവസം മൂന്നു തവണയാണ് പരിശോധിക്കുന്നത്. ഭക്ഷണ മേശയിൽ പോലും അവർ മറ്റാരുമായും സമ്പർക്കത്തിൽ വരുന്നില്ല. പരിശീലന കേന്ദ്രങ്ങളും ഉപകരണങ്ങളും കാന്റീനുകളും താമസസ്ഥലവുമൊക്കെ നിരന്തരം അണുവിമുക്തമാക്കുന്നുണ്ട്. ചൈനയിലും പുറത്തും ട്രെയ്‌നിംഗ് ക്യാമ്പുകളിൽ കളിക്കാരെ കാണുന്നതിന് കർശനമായ നിബന്ധനകളാണ് ചൈനീസ് അത്‌ലറ്റിക്‌സ് അസോസിയേഷൻ വെച്ചിരിക്കുന്നത്.


സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നുനിൽക്കേണ്ടി വന്നത് തങ്ങളുടെ ദൃഢനിശ്ചയം വർധിപ്പിച്ചിട്ടുണ്ടെന്ന് രണ്ടു തവണ വനിതാ ഷോട്പുട്ടിൽ ലോക ചാമ്പ്യനായ ഗോംഗ് ലിജിയാവൊ പറഞ്ഞു. ഒളിംപിക്‌സിൽ ധീരമായി പൊരുതണം. മെഡൽ നേടണം. സ്‌പോർട്‌സിന്റെ സ്പിരിററിലൂടെ ചൈനീസ് ജനതക്ക് പ്രചോദനം പകരണം -ഗോംഗ് പറഞ്ഞു. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിൽ വെങ്കലവും 2012 ൽ വെള്ളിയും നേടിയിട്ടുണ്ട് ഗോംഗ്. 
കൊറോണയെ ചെറുക്കാൻ ജനുവരിയിലാണ് ചൈന കർക്കശമായ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ബെയ്ജിംഗിലെ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആസ്ഥാനത്തേക്കു കടക്കണമെങ്കിൽ അണുവിമുക്ത ചെയ്മ്പറിലൂടെ കടന്നുപോവണം. എത്ര പേർക്ക് ഒരുമിച്ചു നിൽക്കാമെന്നതിന് നിബന്ധനയുണ്ട്. കാന്റീനിൽ മേശ പങ്കുവെക്കുന്നതിനും വിലക്കുണ്ട്. 


 

Latest News