ജി.സി.സിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയര്‍ന്നു

ദുബായ്- ജി.സി.സി രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി. ഖത്തറില്‍ പുതുതായി 58 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 320 ആയി. ഒമാനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ രോഗബാധ സ്ഥിരീകരിച്ച സ്വദേശിക്ക് ഇറാനില്‍നിന്നാണ് രോഗം പടര്‍ന്നുപിടിച്ചത്. ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച 20 പേരില്‍ 18 പേര്‍ക്കും ഇറാനില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചത്. ഒരാള്‍ക്ക് ഇറ്റലിയിലേക്ക് നടത്തിയ യാത്രയിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് എവിടെ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്ന് കണ്ടെത്തുന്നതിന് ശ്രമം തുടരുകയാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
യു.എ.ഇയില്‍ പുതുതായി 11 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 85 ആയി. രാജ്യത്ത് ഇതിനകം 17 പേരുടെ രോഗം ഭേദമായിട്ടുമുണ്ട്.
ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന രണ്ടു സൗദി പൗരന്മാരുടെ അസുഖം ഭേദമായതായി മനാമ സൗദി എംബസി അറിയിച്ചു. സുലൈമാനിയ ആശുപത്രിയിലെ ഐസൊലേഷനില്‍നിന്ന് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. കുവൈത്തില്‍ രണ്ടു പേരുടെ രോഗവും ഭേദമായിട്ടുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ഭേദമായവരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നു. ബഹ്‌റൈനില്‍ 210 പേര്‍ക്കും കുവൈത്തില്‍ 100 പേര്‍ക്കും ഒമാനില്‍ 19 പേര്‍ക്കും ഇറാഖില്‍ 101 പേര്‍ക്കും ഫലസ്തീനില്‍ 35 പേര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

 

Latest News