Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടിത്തം @  സോഷ്യൽമീഡിയ

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കൊപ്പം ഓടി വളരുകയാണ് ഇന്നത്തെ കുട്ടികൾ. കുട്ടികളെ മാത്രമല്ല, മുതിർന്നവരെപ്പോലും സ്ഥലകാലബോധം വിട്ട് ആസക്തരാക്കുവാൻ, അടിമകളാക്കുവാൻ പോന്ന ശക്തിയും സ്വാധീനവും ഉള്ളതായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയ അഥവാ സാമൂഹിക മാധ്യമം. സോഷ്യൽ മീഡിയയുട അടിമയായി ബ്ലൂവെയ്ൽ പോലെയുള്ള ആത്മഹത്യാ ഗെയിമുകളുടെ ഇരകളായി നമ്മുടെ കുട്ടികൾ മാറിയിരുക്കുന്നത് ആശങ്കാജനകമാണ്.
സാമൂഹിക ആശയ വിനിമയത്തിനുതകുന്ന ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, മൈ സ്‌പേസ്, ക്ലബ്ബ് പെൻഗ്വിൻ, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ബ്ലോഗുകൾ അങ്ങനെയങ്ങനെ സോഷ്യൽ മീഡിയ പടർന്നു പന്തലിക്കുകയാണ്.
ഫേസ്ബുക്കിൽ അംഗമാകാൻ കുറഞ്ഞ പ്രായം പതിമൂന്നു വയസ്സാണ്. പതിമൂന്നു മുതൽ പതിനെട്ട് വരെയുള്ള കുട്ടികൾ ഫേസ്ബുക്ക് അംഗത്വം തുടങ്ങിക്കഴിഞ്ഞാൽ പിന്നീടവനു മുന്നിൽ തുറന്നു കിടക്കുന്ന മേഖലകൾ നിരവധിയാണ്. പരസ്യമായും രഹസ്യമായും ഗുണപരമായും ദോഷപരമായും അവനതിൽ ആഴ്ന്നിറങ്ങാം. അതിനാൽ തന്നെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾക്ക് തികഞ്ഞ ബോധം ഉണ്ടായിരിക്കണം. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും വേണം.

എന്തെല്ലാം അരുത് എന്നല്ല എന്തെല്ലാം ആകാം എന്നാണ് ചിന്തിക്കേണ്ടത്
നിയന്ത്രണങ്ങളെക്കാളുപരി എന്തെല്ലാം ചെയ്യാം എന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ധാരാളം സാധ്യതകളാണ് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് മുൻപിൽ ഇന്റർനെറ്റും നവമാധ്യമങ്ങളും തുറന്നുകൊടുക്കുന്നത്. 
അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികളും കഴിവുകളും കണ്ടെത്തി വികസിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപകരണങ്ങളാണ് ഇന്റർനെറ്റും നവമാധ്യമങ്ങളും. 
പഠനം, ചിത്രം വര, ക്രാഫ്റ്റ്, പാട്ട്, സിനിമ, പൊതുവിജ്ഞാനം, സ്‌പോർട്‌സ്, കലാരൂപങ്ങൾ, സാഹിത്യം തുടങ്ങി താത്പര്യമുള്ള വിഷയങ്ങളിൽ സാധ്യതകൾ ഉപയോഗപ്പെടുത്തുവാനുള്ള പരിശീലനം കുട്ടികൾക്ക് കൊടുക്കണം. ഈ ചുമതല മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ട്. എന്തെല്ലാം അരുത് എന്ന് പറയുന്നതിനൊപ്പം എന്തെല്ലാം ആകാം എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.
ഉദാഹരണത്തിന് കുട്ടികൾക്ക് പഠിക്കാൻ വിഷമമായ വിഷയങ്ങൾ ലളിതമായും സരസമായും പഠിപ്പിച്ചു തരുന്ന ഏത്രയോ വീഡിയോകളും വെബ് സൈറ്റുകളും ഇന്ന് ലഭ്യമാണ്. അതുപോലെ അവരുടെ ഇഷ്ട വിഷയങ്ങളിലേക്ക് കൂടുതൽ പോകാൻ സഹായിക്കുന്ന സംവിധാനങ്ങളും സൗഹൃദവലയങ്ങളും.
ഇവിടെ മുതിർന്ന തലമുറ കാണിക്കേണ്ട ശ്രദ്ധ നാം കാണിക്കുന്നുവോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന്റെ വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു തൃശൂരിലെ അരവിന്ദാക്ഷൻ മാഷ്. 
പല വിശിഷ്ട വ്യക്തികളുടെയും അധ്യാപകൻ. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ, അവധിക്കാലത്ത് വന്നെത്തുന്ന കുട്ടികളെയും കാത്ത് അവർ വായിക്കേണ്ട പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കാത്തിരിക്കുന്ന ഒരു മുത്തച്ഛനെ നമുക്ക് കാണാം. നിത്യ ജീവിതത്തിലെ തിരക്കുകൾക്കിടയിലും ഈ കരുതൽ നാം കുട്ടികളോട് കാണിക്കണം. വായനശാലകളോടും സാംസ്‌കാരിക സ്ഥാപനങ്ങളോടും അവരെ ബന്ധപ്പെടുത്തുവാൻ നമുക്കാവണം.

സമയം നിശ്ചയിക്കണം
വർഷങ്ങൾ കഴിയുന്തോറും സിലബസിന്റെയും പരീക്ഷാസമ്പ്രദായങ്ങളുടെയും മത്സരപരീക്ഷകളുടെയും ഭാരവും സമ്മർദവും കുട്ടികളിൽ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാറ്റിനും ഒരു സമയക്രമം ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിക്കുന്നതിന്റെ സമയംകൂടി നിശ്ചയിക്കേണ്ടതുണ്ട്. വ്യായാമം നൽകുന്ന കളികൾക്കും മറ്റ് കുട്ടികളുമായുള്ള കൂട്ടുചേരലിനും സമയം കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഇന്റർനെറ്റ് ചതിക്കുഴികളിൽ വീഴുന്ന പല കുട്ടികളും നേരിട്ടുള്ള സുഹൃദ്ബന്ധങ്ങൾ കുറവുള്ളവരാണന്ന് കാണാൻ കഴിയും.

വ്യത്യസ്ത പ്രായം, വ്യത്യസ്ത സാധ്യതകൾ
സാമൂഹികമാധ്യമങ്ങളിൽ സ്വതന്ത്രമായി അംഗത്വം എടുക്കാൻ ഓരോ മാധ്യമവും പ്രായപരിധി വച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കണം. പ്രായം എത്തുന്നത് വരെ മുതിർന്നവരുടെ സാമൂഹിക മാധ്യമങ്ങൾ കുട്ടികളെക്കൂടി ഉപയോഗിക്കുവാൻ അനുവദിക്കുകയാണ് വേണ്ടത്. മുതിർന്നവരും കുട്ടികളും ഒരുമിച്ചുപയോഗിക്കട്ടെ. പ്രശ്‌നപരിഹാരത്തിന് ഇതും ഒരു വഴിയാണ്.

സാമൂഹിക മാധ്യമങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും
സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു. ഇതിൽ പ്രധാനം ഉറക്കക്കുറവാണ്. വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ഒരു ശീലമായി മാറുന്നു. 
ഉറക്കമില്ലായ്മയും ഉറക്കത്തിന്റെ ദൈർഘ്യത്തിൽ വരുന്ന കുറവും അതിഗൗരവമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നു. അടുത്ത കാലത്ത് നടന്ന ഒരു പഠനത്തിൽ വാട്‌സ് അപ്പ് ഉപയോഗിക്കുന്നവരിൽ 58.5 ശതമാനം ആളുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ 32.6 ശതമാനം പേരും ഉറക്കം നഷ്ടപ്പെടുത്തുന്നവരാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ഇവരിൽ പലരും 'ഡിലേയ്ഡ് സ്ലീപ് ഫേസ് സിൻഡ്രോം' എന്ന രോഗാവസ്ഥയിലേക്ക് ക്രമേണ എത്തിപ്പെടുകയും ചെയ്യും. ഉറക്കച്ചടവും ശരീരത്തിന്റെ ക്ഷീണാവസ്ഥയും നിമിത്തം പഠനത്തിൽ ശ്രദ്ധ കുറയുകയും ആത്മവിശ്വാസക്കുറവടക്കമുള്ള പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യും.
കർശനമായ സമയനിർണയത്തിലൂടെ മാത്രമേ ഇതു മറികടക്കാനാകൂ. ഒരു കാരണവശാലും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക മാധ്യമ ഉപയോഗം അനുവദിക്കുവാൻ പാടില്ല.

സ്‌കൂളുകളിൽ ഇന്റർനെറ്റ് ക്ലബുകൾ രൂപപ്പെടട്ടെ
സ്‌കൂൾതലത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യകരമായ സാമൂഹിക മാധ്യമ ഉപയോഗം വളർത്തിക്കൊണ്ടു വരണം. ഡിബേറ്റിംഗ് ക്ലബുകൾ പോലെ ഇന്റർനെറ്റ് ക്ലബുകൾ രൂപപ്പെടുത്തുകയും അതുവഴി ഇന്റർനെറ്റിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും ഗുണപരമായ ഉപയോഗങ്ങൾക്ക് വഴി കാണിച്ചുകൊടുക്കുകയും വേണം.
വിക്കിപീഡിയ ഇതിന് നല്ല ഉപാധിയാണ്. സ്‌കൂൾ വിക്കി പോലുള്ള സംരംഭങ്ങൾ വഴി, തങ്ങൾക്ക് ചുറ്റുമുള്ള ഏതൊരു വിവരത്തെയും സമൂഹത്തിന് ഗുണപരമായ വിജ്ഞാനമാക്കി മാറ്റുവാൻ കുട്ടികളെ പഠിപ്പിക്കണം. നമ്മുടെ പരിസരത്തിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോൾ തന്നെ കുട്ടികളുടെ ഒറ്റപ്പെടലും ഉൾവലിയലും കുറയും. മലയാളത്തിലുള്ള വിജ്ഞാനശേഖരം ഇന്റർനെറ്റിൽ ഇപ്പോൾ വളരെ കുറവാണ്. അവർ കാണുന്ന സിനിമയോ, നാടകമോ,പുൽക്കൊടിയോ, പൂവോ, അവർ നടന്നു വരുന്ന വഴിയോ, പോകുന്ന അമ്പലമോ, പള്ളിയോ ഒക്കെ വിവരശേഖരമാക്കി മാറ്റാൻ അവർ പഠിക്കും. ഇതൊക്കെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാനും അവർ പഠിക്കും.
ഇത്തരത്തിൽ ബോധപൂർവമായ പ്രവർത്തനങ്ങളിൽകൂടി മാത്രമേ സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ രൂപപ്പെടുത്തുന്ന തെറ്റായ പ്രവണതകൾ മറികടക്കാൻ നമുക്ക് സാധിക്കൂ. കുട്ടികളെ കുറ്റപ്പെടുത്തുകയല്ല, അവരുടെ കൂടെ നിൽക്കുകയാണ് വേണ്ടത്. 
 

Latest News