- ബസ്, വിമാന സർവീസുകൾ നിർത്തി
കുവൈത്ത് സിറ്റി - ജുമുഅ ഖുതുബയും നമസ്കാരവും പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെച്ചതായി കുവൈത്ത് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇത് ഇന്നലെ മുതൽ നിലവിൽവന്നു. ജുമുഅ നമസ്കാരത്തിനു പകരം എല്ലാവരും സ്വന്തം വീടുകളിൽ വെച്ച് ദുഹ്ർ നമസ്കാരം നിർവഹിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
കുവൈത്തിൽ മസ്ജിദുകളിൽ സംഘടിത നമസ്കാരം നിർത്തിവെക്കാനും മസ്ജിദുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. മസ്ജിദുകളിൽ മുഅദ്ദിനുകൾ ബാങ്ക് വിളിക്കുക മാത്രമാണ് ചെയ്യുക. ബാങ്ക് വിളിയുടെ അവസാനത്തിൽ, എവിടെയാണോ ഉള്ളത് എങ്കിൽ അവിടെ വെച്ച് നമസ്കാരം നിർവഹിക്കുക എന്നർഥം വരുന്ന വാചകം മുഅദ്ദിനുകൾ മൈക്കുകളിലൂടെ മുഴക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, രാജ്യത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കുവൈത്ത് ഗവൺമെന്റ് വക്താവ് താരിഖ് അൽമസ്റം അറിയിച്ചു. കുവൈത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ലെന്നും സർക്കാർ തീരുമാനങ്ങൾ സുതാര്യമായി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും താരിഖ് അൽമസ്റം പറഞ്ഞു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 80 ആയി ഉയർന്നിട്ടുണ്ട്.
കുവൈത്തിൽ ബസ് സർവീസുകൾ നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണിത്. ഇന്നലെ മുതൽ വിമാന സർവീസുകളും നിർത്തിവെച്ചു. കുവൈത്തി പൗരന്മാർക്കും അടുത്ത ബന്ധുക്കൾക്കും മാത്രമായി വിമാന സർവീസുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കുവൈത്തിൽ സർക്കാർ, സ്വകാര്യ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും രണ്ടാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൽ പരിശീലനം നേടുന്നതിന് ആഗ്രഹിക്കുന്ന സ്വദേശികളായ വളണ്ടിയർമാർക്ക് സിവിൽ ഡിഫൻസ് വഴി പരിശീലനം നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യ, ആരോഗ്യ വസ്തു നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ ശാലകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കണമെന്ന് കുവൈത്ത് വ്യവസായ അതോറിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പ്രാദേശിക വിപണിയിലെ ആവശ്യം നിറവേറ്റുന്നതിന് ഭക്ഷ്യ, ആരോഗ്യ വസ്തു ഫാക്ടറികൾ മുടക്കമില്ലാതെ പ്രവർത്തിക്കണമെന്നാണ് നിർദേശം. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പ്രധാന വസ്തുക്കളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുമെന്നും അതോറിറ്റി പറഞ്ഞു.






