മനാമ - കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനകൾ നൽകി 901 തടവുകാർക്ക് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പിന് അർഹരായ തടവുകാരെ നിർണയിക്കുന്നതിന് ജയിൽ അന്തേവാസികളുടെ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം വിശദമായി പഠിച്ചതായി വകുപ്പ് മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽഖലീഫ പറഞ്ഞു.
അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി വനിതാ തടവുകാർ, ഇളം പ്രായക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾ എന്നിവരുടെ കാര്യം പ്രത്യേകം പരിഗണിച്ചും ജയിൽ വകുപ്പിന്റെ പുനരധിവാസ പ്രോഗ്രാം എത്രമാത്രം പാലിക്കുന്നുണ്ടെന്ന് നോക്കിയുമാണ് പൊതുമാപ്പിൽ വിട്ടയക്കേണ്ട തടവുകാരെ നിർണയിച്ചത്. തടവിനു പുറമെ നാടുകടത്തൽ ശിക്ഷ ലഭിച്ച വിദേശികളെ നാടുകടത്തുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. അവശേഷിക്കുന്ന ശിക്ഷാ കാലം ഇവർക്ക് സ്വന്തം രാജ്യങ്ങളിൽ നടപ്പാക്കും.
ബദൽ ശിക്ഷ നടപ്പാക്കുന്നത് കൂടുതൽ വ്യാപകമാക്കാനുള്ള രാജകൽപനയുടെ അടിസ്ഥാനത്തിൽ തടവു ശിക്ഷയുടെ പകുതി കാലം ജയിലുകളിൽ കഴിച്ചുകൂട്ടിയ 585 തടവുകാരെ വിട്ടയച്ച് ബദൽ ശിക്ഷകൾ ബാധകമാക്കിയിട്ടുമുണ്ട്. പുനരധിവാസ, തൊഴിൽ പരിശീലന പദ്ധതികളിൽ ചേർത്തും ചില ബദൽ ശിക്ഷകൾ പാലിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ഇവരെ ജയിലുകളിൽനിന്ന് വിട്ടയച്ചത്.