മൂന്നുമാസം നീണ്ട നിയമക്കുരുക്ക്; സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് - ആത്മഹത്യ ചെയ്ത തിരുവനന്തപുരം വെഞ്ഞാറംമൂട്  ഇരുമ്പലത്തു വീട്ടില്‍ അനില്‍ കുമാറി(48)ന്റെ മൃതദേഹം മൂന്നു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. അല്‍ഖര്‍ജിലെ സ്വകാര്യ കുടിവെള്ളക്കമ്പനിയില്‍ ജീവനക്കാരനായിരുന്ന അനില്‍കുമാര്‍ കമ്പനിയുടെ താമസസ്ഥലത്താണ് തൂങ്ങിമരിച്ചത്.


മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗം ആരംഭിച്ചെങ്കിലും സ്‌പോണ്‍സര്‍ സഹകരിച്ചിരുന്നില്ല. അനില്‍കുമാറിന് സ്‌പോണ്‍സറുമായി ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാതെ സഹകരിക്കില്ലെന്നായിരുന്നു സ്‌പോണ്‍സറുടെ നിലപാട്.


തുടര്‍ന്ന് ബന്ധുക്കള്‍ നോര്‍ക്കയില്‍ പരാതിപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ നോര്‍ക്ക റൂട്‌സ്  തയ്യാറായതിനെ തുടര്‍ന്ന്  എംബസി  വിഷയത്തില്‍ ഇടപെടുകയും അല്‍ഖര്‍ജ് പോലീസ് ഓഫീസറുടെ സഹായത്തോടെ സ്‌പോണ്‍സറെ വിളിച്ചുവരുത്തി പാസ്‌പോാര്‍ട്ടും മറ്റു അനുബന്ധ രേഖകളും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. രണ്ടുമാസത്തിനുശേഷം രേഖകള്‍ എംബസിയില്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസം മൂലം ഒരുമാസത്തോളം വീണ്ടും തടസ്സം നേരിട്ടു.


രേഖകള്‍ എല്ലാം ശരിയാക്കി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അല്‍ഖര്‍ജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കൊണ്ടുവന്ന വാഹനം വഴിമധ്യേ അപകടത്തില്‍ പെട്ടത് നിയമക്കുരുക്ക് നീളാന്‍ ഇടയാക്കി.

എല്ലാ തടസ്സങ്ങളും നീക്കി കഴിഞ്ഞ ദിവസത്തെ  എയര്‍ ഇന്ത്യ വിമാനത്തില്‍ അനില്‍കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇരുമ്പലത്തു വീട്ടില്‍ കൃഷ്ണപിള്ള, ഓമനയയമ്മ ദമ്പതികളുടെ മകനാണ് അനില്‍കുമാര്‍. ഭാര്യ ലതാകുമാരിയും ഒരു മകനും മകളും അടങ്ങുന്നതാണ് കുടുംബം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതശരീരം സ്വവസതിക്കടുത്ത് സംസ്‌കരിച്ചു. കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി, ജോയിന്റ് കണ്‍വീനര്‍ ഷാജഹാന്‍ കൊല്ലം, ഏരിയാ സെക്രട്ടറി രാജന്‍ പള്ളിത്തടം, ട്രഷറര്‍ ലിപിന്‍, മുഹമ്മദ് സിയാദ് എന്നിവരുടെ മൂന്നു മാസത്തെ നിരന്തര പ്രയത്‌നത്തിനൊടുവിലാണ്  മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചത്.

 

Latest News