അബുദാബി - കോവിഡ്19 തടയാന്‍ പൊതുപരിപാടികള്‍ക്ക് അബുദാബി വിലക്കേര്‍പ്പെടുത്തി. അബുദാബിയിലെ അംഗീകൃത സംഘടനകള്‍ക്ക് യു.എ.ഇയിലെ സാമൂഹിക വികസന വിഭാഗം ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. യോഗം, സമ്മേളനം, ചര്‍ച്ച, സെമിനാര്‍, കലാകായിക വിനോദ രിപാടികളൊന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.
അബുദാബിയില്‍ വിവിധ ഇന്ത്യന്‍ സംഘടനകളിലെ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും അതുവരെ നിലവിലെ സ്ഥിതി തുടരാനും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പു പ്രക്രിയ ഓണ്‍ലൈന്‍ വഴി നടത്തുന്ന കാര്യവും ആലോചിക്കും.
സാമൂഹിക വികസന വിഭാഗത്തിന്റെ നിര്‍ദേശം അനുസരിച്ച് 19 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മയ്യിത്ത് നമസ്കാരം, സ്വലാത്ത്, മറ്റ് ക്ലാസ്സുകള്‍ അടക്കം ഒരു പരിപാടികളും ഉണ്ടാകില്ലെന്നും സെന്ററുമായി ഇ മെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണെന്നും ജനറല്‍ സെക്രട്ടറി എം.പി.എം റഷീദ് അറിയിച്ചു.
അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി), കേരള സോഷ്യല്‍ സെന്റര്‍ (കെ.എസ്.സി), അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ഉള്‍പ്പെടെ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനകള്‍ക്കെല്ലാം ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിട്ടുണ്ട്.
സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. ദേവാലയ വാതിലില്‍ തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കുര്‍ബാനയുടെ സമയം ഒരു മണിക്കൂറാക്കി. പുറമെ ശുശ്രൂഷക്ക് എത്തുന്നവരുടെ എണ്ണം ഇംഗ്ലിഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തി സൗകര്യം ചെയ്തിട്ടുണ്ട്.






