Sorry, you need to enable JavaScript to visit this website.
Thursday , April   09, 2020
Thursday , April   09, 2020

കൊറോണ കാലത്തെ ആശങ്കകൾ..

തികച്ചും ആശങ്കാഭരിതമായ നാളുകളിലൂടെയാണ് ലോകം കടന്നു പോകുന്നത്. രാജ്യാന്തര തലങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ബാധ അനുദിനം കൂടുതൽ പേരിലേക്ക് പകരുന്നതായാണ് വാർത്തകൾ കാണിക്കുന്നത്. വിവിധ സർക്കാറുകളും ആരോഗ്യ സംഘടനകളും പരമാവധി ജാഗ്രത പുലർത്തി ഈ മഹാമാരിയെ പ്രതിരോധിക്കാൻ രംഗത്തുണ്ട്. വ്യക്തി തലത്തിൽ പാലിക്കേണ്ട ശുചിത്വവും മുൻകരുതലുകളും തന്നെയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. അനാസ്ഥ കൊണ്ടോ അശ്രദ്ധയാലോ ഈ രോഗം പകരാതിരിക്കാനും വ്യാപിക്കാതിരിക്കാനും എല്ലാവരും മുൻകൈയെടുത്തേ മതിയാവൂ. സർക്കാറുകൾ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഗൗരവം ഉൾക്കൊള്ളാൻ പൊതുജനം അങ്ങേയറ്റം ബാധ്യസ്ഥരാണ്.
മനുഷ്യ ചരിത്രത്തിൽ ഇത്തരം പകർച്ചവ്യാധികൾ പുത്തരിയല്ല. അസംഖ്യം മനുഷ്യൻ പകർച്ചവ്യാധികൾ മൂലം മരണമടഞ്ഞിട്ടുണ്ട്. പകർച്ചവ്യാധികളുടെ ചരിത്രത്തെക്കുറിച്ച് വായിച്ചാൽ മനസ്സിലാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ഒട്ടേറെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും പകർച്ചവ്യാധികൾ ഇടവരുത്തിയിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ വളരെയേറെ മനുഷ്യന്മാരെ ഈ മഹാമാരികൾ ബാധിക്കുന്നതിനാലാണ് ആൾനാശം വലിയ തോതിൽ ഉണ്ടാവുന്നത്. 


കിഴക്കൻ റോമാസാമ്രാജ്യത്തിൽ കോടിക്കണക്കിന് പേർ മരണപ്പെട്ട ജസ്റ്റീനിയൻ പകർച്ചവ്യാധി ലോക ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നാണ്. എ.ഡി 541 നും 542 നും ഇടയിൽ വൻതോതിലുള്ള ആൾനാശം ആണ് ഈ മഹാമാരിയിലൂടെ ലോകത്ത് സംഭവിച്ചത്. എലികളിലൂടെ പരന്ന ബാക്ടീരിയകളിലൂടെയാണ് ഈ പകർച്ചവ്യാധി ലോകത്തെയാകെ പിടിച്ചുകുലുക്കിയത്. റോമാ സാമ്രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്ന തരത്തിൽ ഈ പകർച്ചവ്യാധി വളർന്നു. പട്ടാളക്കാരുടെ ശേഷി നശിച്ചു. കർഷകർ രോഗികളായി. കാർഷികോൽപന്നങ്ങൾ ലഭ്യമാകാതെ ജനം ദുരിതത്തിലായി.
യൂറോപ്പിനെ ആകെ ബാധിച്ച ഇരുണ്ട പ്ലേഗ് മറക്കാനാകില്ല. 50 ദശലക്ഷം മനുഷ്യരെയാണ് ഈ മഹാമാരി കൊന്നൊടുക്കിയത്. മുഖ്യമായും എലികളിലൂടെയും ഈച്ചകളിലൂടെയുമായിരുന്നു ഏഷ്യയിൽ ആരംഭിച്ച ഈ വ്യാധി യൂറോപ്പ് ആകമാനം വ്യാപിച്ചത്. അരക്കെട്ടിലും കക്ഷത്തിലും കഴുത്തിലും ഉണ്ടാവുന്ന വീക്കമായിരുന്നു രോഗലക്ഷണം. ഈ രോഗം പിടിപെട്ടവരിൽ 80 ശതമാനവും ആറേഴു ദിവസത്തിനുള്ളിൽ മരണത്തിന് കീഴടങ്ങിയെന്നതാണ് ചരിത്രം. 


ഈ പകർച്ചവ്യാധി യൂറോപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ക്രിസ്ത്യാനികൾ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ജൂതൻമാർ അവരുടെ കിണറുകളിൽ വിഷം കലർത്തിയാതാണി വ്യാധിക്ക് കാരണം എന്നവർ ആരോപിച്ചു. അക്കാരണത്താൽ ആയിരക്കണക്കിന് ജൂതന്മാർ കൊല്ലപ്പെട്ടു. പാപികൾക്ക് ദൈവത്തിൽനിന്നുള്ള ശിക്ഷയാണ് അതെന്ന് ചിലർ വിശ്വസിച്ചു.
ആധുനിക കാലത്തെ ഏറ്റവും ഭീകരമായ പകർച്ചവ്യാധി 1920 ലെ സ്പാനിഷ് ഫഌവാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഇത് കാരണമായി. പകർച്ചവ്യാധികളുടെ ചരിത്രം കൂടിയാണ് മനുഷ്യ ചരിത്രം എന്ന് കൗതുകപൂർവവ്വം ലോകചരിത്രം വായിക്കുന്നവർക്ക് ബോധ്യപ്പെടും.
ഭൗതികമായും സാങ്കേതിമായും ഏറെ പുരോഗമിച്ച മനുഷ്യനെ പല കാര്യങ്ങളിലുമുള്ള അവന്റെ നിസ്സഹായ അവസ്ഥയെ കുറിച്ച് കൂടി പകർച്ചവ്യാധികൾ ബോധ്യപ്പെടുത്തുന്നുണ്ട്. കൂടാതെ പലതിന്റെയും പേരിൽ കലഹിക്കുകയും പോരടിക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന മനുഷ്യൻ ഒരുവേള എല്ലാ വൈരവും വിദ്വേഷവും മറന്ന് മനുഷ്യ വർഗം എന്ന ഒറ്റ വർഗമായി പൊടുന്നനെ മാറുന്നതിനും ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ ഇടയാക്കുന്നതായി കാണാം. 


ജീവിതത്തിന്റെ ആദ്യന്തിക ലക്ഷ്യത്തെക്കുറിച്ചും സ്വശരീരത്തിലെ സങ്കീർണമായ വിസ്മയങ്ങളെ കുറിച്ചും ആലോചിക്കാനും പ്രകൃതി പ്രതിഭാസങ്ങളിലെ പാഠങ്ങൾ ആഴത്തിൽ ഉൾക്കൊള്ളാനും പകർച്ചവ്യാധികൾ കാരണമായിട്ടുണ്ട്. 
മനുഷ്യൻ, പ്രകൃതി, സ്രഷ്ടാവ്, സൃഷ്ടി തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിവിധ മതങ്ങളുടെ കാഴ്ചപ്പാടും മതഗ്രന്ഥങ്ങളുടെ വിലയിരുത്തലുകളും സദാചാര മൂല്യങ്ങൾ, ശാസ്ത്ര നിഗമനങ്ങൾ തുടങ്ങിയവയെ കുറിച്ചൊക്കെ ഗൗരവമായന്വേഷിച്ച് പഠിക്കാൻ വിവേകമതികളെ പകർച്ചവ്യാധികൾ പ്രചോദിപ്പിച്ചിട്ടുണ്ട് എന്ന കാര്യം പകർച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തുന്ന ഫ്രാങ്ക് എം. സ്‌നോഡൻ ഉൾപ്പടെയുള്ള ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. 


ദൈവമുണ്ടോ, ഇല്ലേ? മരണം എല്ലാത്തിന്റെയും അവസാനമാണോ എന്നൊക്കെയുള്ള ജീവിതഗന്ധിയായ ചോദ്യങ്ങൾ, വാദിക്കാനും തോൽപിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമായുള്ള വായനകളും സംവാദങ്ങളും ചർച്ചകളും മാന്യമായും പ്രതിപക്ഷ ബഹുമാനത്തോടെയും സമൂഹത്തിൽ നിരന്തരം സഹിഷ്ണുതാപൂർവം നടക്കേണ്ടതുണ്ട്. അന്വേഷണചിത്തരായ വിവേകമതികൾ ഉൾക്കൊള്ളുന്ന പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം കൂടിയാണതെന്ന കാര്യവും കൂടി ആശങ്ക കനക്കുന്ന ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ ഓർമിപ്പിക്കുന്നുണ്ട്.
 

Latest News