കൊണ്ടോട്ടി- കോവിഡ്-19 ന്റെ പാശ്ചാത്തലത്തില്‍ സൗദിയിലും കേരളത്തിലും കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. കരിപ്പൂരില്‍നിന്ന് നാളെ ജിദ്ദയിലേക്ക് പുറപ്പെടുന്നത് നാലു വിമാനങ്ങള്‍. ഇതിനു പുറമെ സൗദി എയര്‍ലൈന്‍സ് ജിദ്ദയിലേക്ക് രണ്ട് അഡീഷണല്‍ സര്‍വീസിന് വേണ്ടി ശ്രമം നടത്തിവരുന്നു. അനുമതി ലഭിക്കുകയാണെങ്കില്‍ സര്‍വീസ് നടത്തും.
കോവിഡ്-19 ജാഗ്രതയുടെ ഭാഗമായി യാത്രാ വിലക്ക് ഏര്പ്പെടുത്തുന്നിതിനു മുന്നോടിയായി സൗദിക്ക് പുറത്തുളള സൗദി പൗരന്മാര്ക്കും റീ-എന്‍ട്രി വിസക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ ജിദ്ദയില്‍നിന്ന് നാട്ടിലെത്താനും നാട്ടില്‍ നിന്ന് സൗദിയിലെത്താനുമായി മതിയായ വിമാനങ്ങളില്ലാത്തതിനാല്‍ പ്രാവസികള്‍ ആശങ്കയിലായിരുന്നു.
അല്‍ഹിന്ദ് ട്രാവല്‍സ് രണ്ട് വിമാനങ്ങള്‍ നാളെ ജിദ്ദയിലേക്ക് ചാര്‍ട്ടര്‍ ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയുടെ ജംബോ വിമാനവും സൗദി എയര്‍ലെന്‍സിന്റെ പതിവ് വിമാനവും ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ രണ്ട് അഡീഷണല്‍ സര്‍വീസ് നടത്താന്‍ സൗദി എയര്‍ലെന്‍സ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്.
യാത്രാ വിലക്ക് പ്രാബല്യത്തില്‍വരുന്ന 15ന് ജിദ്ദയിലേക്കും റിയാദിലേക്കും ഓരോ സര്‍വീസ് സൗദി എയര്‍ലെന്‍സ് നടത്തുന്നുണ്ട്.
സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളാണ് നാളെ ജിദ്ദയിലേക്ക് അഡീഷണല്‍ സര്‍വീസ് നടത്തുന്നതെന്ന് അല്‍ഹിന്ദ് റീജണല്‍ മാനേജര്‍ യാസര്‍ മുണ്ടോടന്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
നാളെ പുലര്‍ച്ചെ നാലിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സ്പൈസ് ജെറ്റ് വിമാനം സൗദി സമയം എട്ടിന് ജിദ്ദയിലെത്തും. ഈ വിമാനം 9.30ന് യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കും. ഇന്‍ഡിഗോയുടെ വിമാനം രാവിലെ 11.45ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും. ഈ വിമാനം 3.30ന് കരിപ്പൂരിലേക്ക് തിരിച്ചു പോരും.
രണ്ട് വിമാനങ്ങളിലുമായി നാന്നൂറോളം യാത്രക്കാര്‍ക്ക് പോകാനാകും. സൗദി എയര്‍ലെന്‍സിന്റെ പതിവ് ജിദ്ദ വിമാനം 300 യാത്രക്കാരുമായും എയര്‍ഇന്ത്യയുടെ ജംബോ വിമാനം 420 പേരുമായി പറന്നുയരും. ഇതിന് പുറമെയാണ് നാളെ രണ്ട് അഡീഷണല്‍ സര്‍വിസിന് കൂടി സൗദി എയര്‍ലെന്‍സ് ശ്രമിക്കുന്നത്.






