പരിശോധനകൾക്ക് ഹാജരാകാത്ത വിദേശികളെ നാടു കടത്താൻ നീക്കം

കുവൈത്ത് സിറ്റി - കൊറോണ വൈറസ് പരിശോധനകൾക്ക് ഹാജരാകാത്ത വിദേശികളെ നാടുകടത്തുന്ന കാര്യം കുവൈത്ത് ആഭ്യന്തര മന്ത്രാലയം പഠിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 27 മുതലുള്ള ദിവസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മുഴുവൻ വിദേശികളും പരിശോധനക്കും രോഗവിമുക്തരാണെന്ന് ഉറപ്പു വരുത്തുന്നതിനും ഹാജരാകണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് പാലിക്കാത്ത വിദേശികളെ നാടുകടത്തുന്ന കാര്യമാണ് ആഭ്യന്തര മന്ത്രാലയം പഠിക്കുന്നത്. 
പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശങ്ങൾ സുവ്യക്തമാണ്. ഹെൽത്ത് ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാത്ത വിദേശികളോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 27 മുതലുള്ള ദിവസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ സുരക്ഷാ വകുപ്പുകളുടെ പക്കലുണ്ട്. 


ഇക്കാര്യത്തിൽ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ ശക്തമായ ഏകോപനം നടത്തുന്നുണ്ട്. ഫെബ്രുവരി 27 നു ശേഷം രാജ്യത്ത് പ്രവേശിച്ചവരുടെ പേരുവിവരങ്ങളുയി ഒത്തുനോക്കുന്നതിന് നിശ്ചിത സമയത്തിനകം ഹെൽത്ത് സെന്ററുകളിൽ സമീപിച്ചവരുടെ പേരുവിവരങ്ങൾ ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. 
ഏതെങ്കിലും വിദേശികൾ പരിശോധനാ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമായാൽ അവരുടെ ഇഖാമ ബ്ലോക്ക് ചെയ്യുകയും അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടവരുടെ പേരുവിരങ്ങൾ അടങ്ങിയ പട്ടികയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യും. പിടിയിലാകുന്ന മുറക്ക് ഇവരെ ഡിപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി രാജ്യത്തു നിന്ന് നാടുകടത്തുമെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 
ഫെബ്രുവരി 27 മുതൽ കഴിഞ്ഞ ദിവസം സ്വദേശികളും വിദേശികളും അടക്കം ആകെ 2,35,000 ഓളം പേരാണ് രാജ്യത്ത് പ്രവേശിച്ചത്. 1844 വിമാന സർവീസുകളിലാണ് ഇവർ രാജ്യത്തെത്തിയത്. ഇക്കൂട്ടത്തിൽ 70 ശതമാനവും വിദേശികളാണ്. ഫെബ്രുവരി 27 മുതൽ കഴിഞ്ഞ ദിവസം 1,65,000 ഓളം വിദേശികളാണ് രാജ്യത്ത് പ്രവേശിച്ചത്. ഇവർക്കെല്ലാവർക്കും നിർബന്ധ പരിശോധന ബാധകമാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 


ഇന്നു മുതൽ പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ കുവൈത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നർത്തിവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് മടങ്ങുന്ന കുവൈത്തികൾക്കും കുവൈത്തികളുടെ അടുത്ത ബന്ധുക്കൾക്കും മാത്രമായി വിമാന സർവീസുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. വിലക്കിൽ നിന്ന് കാർഗോ വിമാന സർവീസുകളെ ഒഴിവാക്കിയിട്ടുമുണ്ട്. 
റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും ഹാളുകളിൽ ആളുകളുടെ സാന്നിധ്യവും വിലക്കിയിട്ടുണ്ട്. ക്ലബ്ബുകളും സ്വകാര്യ ഹെൽത്ത് ഇൻസ്റ്റിറ്റിയൂട്ടുകളും അടച്ചിടാനും തീരുമാനമുണ്ട്. മാർച്ച് 12 മുതൽ 26 വരെ രാജ്യത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് മാർച്ച് 29 ന് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കും. കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടുമുണ്ട്.

 

Latest News