വിജയിയുടെ വീട്ടില്‍ വീണ്ടും  ഇന്‍കം ടാക്‌സുകാരുടെ പരിശോധന

ചെന്നൈ- തമിഴ് സൂപ്പര്‍ താരം വിജയ് യുടെ വീട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ചെന്നൈ  പനയൂരിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും റെയ്ഡ് നടക്കുന്നത്.മാസ്റ്റര്‍ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജയിയുടെ വസതിയിലും പരിശോധന നടത്തുന്നത്. നേരത്തെ വിജയ് നായകനായ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി അധികൃതര്‍ നടനെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ അനധികൃതമായ പണമോ രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മാസ്റ്റര്‍ സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ പരിശോധനയെന്നാണ് വിവരം.ബിഗില്‍ സിനിമയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക രേഖകള്‍ സൂക്ഷിച്ചിട്ടുള്ള വിജയിയുടെ വസതിയിലെ ചില മുറികള്‍ സീല്‍ ചെയ്തിരുന്നു. ഈ മുറികള്‍ തുറന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. റെയ്ഡ് അല്ലെന്നും നേരത്തെ നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായുള്ള തുടര്‍ നടപടി മാത്രമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മാസ്‌റ്റേഴ്‌സ് സിനിമയുടെ നിര്‍മ്മാതാവ് ലളിത് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് വിജയിയുടെ വസതിക്ക് തൊട്ട് അടുത്തുള്ള ഓഫീസുകളിലും പരിശോധന നടത്തുന്നത്.മാസ്‌റ്റേഴ്‌സിന്റെ പ്രി റിലീസുമായി ബന്ധപ്പെട്ട് 220 കോടി രൂപ ചിത്രം നേടിയിട്ടുണ്ടെന്നും ഇതില്‍ 50 കോടി രൂപ ലളിത് കുമാറിന് ലഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ലളിതിന്റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.

Latest News