ഖത്തറില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ 250 പേരും വിദേശികള്‍; കുവൈത്തില്‍ 80 രോഗികള്‍

ദോഹ/കുവൈത്ത് സിറ്റി- ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 262 ആയി. ആറായിരം പേര്‍ക്ക് ഇതിനകം പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ എട്ട് കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 80 ആയി.

ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഖത്തര്‍. രോഗം സ്ഥിരീകരിച്ച 262 പേരില്‍ 250 പേരും വിദേശികളാണ്. 800 പേരാണ് രാജ്യത്തെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലുള്ളത്.

ഒറ്റ ദിവസം 238 പേരില്‍ കൊറോണ സ്ഥിരീകരിച്ചത് ഗള്‍ഫ് മേഖലയിലും അന്താരാഷട്ര തലത്തിലും വലിയ ഞെട്ടലാണുണ്ടാക്കിയത്. വിദേശി തൊഴിലാളികളുടെ താമസകേന്ദ്രത്തിലുള്ളവര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.  എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ കൂടുതലും ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമാണ്. അതിനാല്‍ തന്നെ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട്. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്.

 

 

 

 

Latest News