മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സ്‌ക്രീനിംഗ്, യാത്രാ നിരോധം, പൊതുജനാരോഗ്യ വിവരങ്ങള്‍ എന്നിവ കാരണം അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി അണുബാധനിരക്ക് വളരെ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വൈറസിനെതിരായ പോരാട്ടത്തില്‍ മറ്റ് പല മേഖലകളേക്കാളും ഈ മേഖലക്ക് ഒരു നേട്ടമുണ്ട്- അത് ഇവിടത്തെ കാലാവസ്ഥയാണ്.
മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പുതിയ പഠനത്തില്‍, വൈറസ് തെക്കു വടക്കു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ വന്‍തോതില്‍ വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയും അക്ഷാംശവും വൈറസ് എങ്ങനെ പടരുന്നു എന്നതിന് കാരണമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.
മറ്റ് സ്ഥലങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവരില്‍ കണ്ടെത്തുന്നതിനേക്കാള്‍ ഒരു സ്ഥലത്ത് ഒരു ജനസമൂഹത്തില്‍ ഒന്നാകെ വൈറസ് വ്യാപനം കണ്ട സ്ഥലങ്ങളെല്ലാം (കമ്മ്യൂണിറ്റി വ്യാപനം) ഏകദേശം ഒരേ അക്ഷാംശ പരിധിയില്‍ വരും.
ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, വടക്കന്‍ ഇറ്റലി തുടങ്ങിയ കമ്മ്യൂണിറ്റി വ്യാപനം നടന്ന പ്രധാന കേന്ദ്രങ്ങളെല്ലാം ഏകദേശം 30-50 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ സ്ഥിതിചെയ്യുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഈ രാജ്യങ്ങളില്‍, വൈറസിന്റെ വ്യാപനം പ്രത്യേകിച്ചും വ്യാപകമാണ്. വടക്കന്‍ ഇറ്റലിയിലെ അധികൃതര്‍ പ്രദേശമാകെ അടച്ചിട്ട് വൈറസിന്റെ എണ്ണം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നു. കൊറോണ വൈറസിന്റെ ഇറ്റാലിയന്‍ പ്രഭവകേന്ദ്രമായ ലോംബാര്‍ഡിയില്‍ 460 ല്‍ അധികം പേര്‍ മരിക്കുകയും 7,300 ല്‍ അധികം ആളുകള്‍ രോഗബാധിതരാകുകയും ചെയ്തു. രോഗനിര്‍ണയം നടത്തിയവരില്‍ എട്ട് ശതമാനം പേര്‍ മരിച്ചു; ആഗോളതലത്തില്‍ മരണനിരക്ക് 1-2 ശതമാനം മാത്രമാണ്. ഇറാനില്‍ ഔദ്യോഗിക മരണസംഖ്യ 350 കടന്നു. 9,000 കേസുകള്‍ ഉണ്ട്, എന്നാല്‍ മറ്റ് സ്രോതസ്സുകള്‍ പറയുന്നത് കണക്കുകള്‍ ഇതിനെക്കാള്‍ ഉയര്‍ന്നതാകാമെന്നാണ്.
ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജി.സി.സി രാജ്യങ്ങളില്‍ താരതമ്യേന കുറഞ്ഞ കേസുകളുടെ എണ്ണം കാണാന്‍ കാരണം, നല്ല അടിസ്ഥാന സൗകര്യങ്ങളും സ്‌ക്രീനിംഗ് നടപടിക്രമങ്ങളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതിര്‍ത്തികള്‍ അടയ്ക്കുന്നതിനും യാത്ര പരിമിതപ്പെടുത്തുന്നതിനും ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.
വൈറസ് സ്‌ഫോടനം കൈകാര്യം ചെയ്യാനുള്ള ധനസ്ഥിതിയും മാനവ വിഭവശേഷിയും ഈ പ്രദേശത്തുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ. ഡാലിയ സംഹൗരി പറഞ്ഞു.
ജി.സി.സി രാജ്യങ്ങള്‍ ജനങ്ങളെ വ്യക്തിഗത സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും പൊതുജനാരോഗ്യ വിവരങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കുകയും ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്തു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആളുകളുടെ സാമൂഹിക ഇടപെടല്‍ പരിമിതപ്പെടുത്തേണ്ടത് പ്രധാനമായതിനാല്‍ അവ വലിയ ചടങ്ങുകളും റദ്ദാക്കി.

യു.എ.ഇയില്‍, സാമൂഹിക ഇടപെടലുകള്‍ എന്തുകൊണ്ട് കുറക്കണമെന്ന് പൊതുജനങ്ങളോട് വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ മികച്ച സേവനമാണ് ചെയ്തതെന്നു ഇന്റര്‍നാഷണല്‍ എസ്.ഒ.എസിലെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവയുടെ റീജണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മാരി ലൂയിസ് വാന്‍ എക്ക് പറഞ്ഞു. പൊതു ശുചിത്വ നടപടികളും പൊതുവിദ്യാഭ്യാസവുമാണ് ഇക്കാര്യത്തില്‍ വലിയ കാര്യങ്ങളെന്നും അവര്‍ ചൂണ്ടിക്കാട്ടി.”
'കോവിഡ്19 ന്റെ വ്യാപനവും കാലാനുസൃതതയും: താപനിലയും അക്ഷാംശ വിശകലനവും വഹിക്കുന്ന പങ്ക്' എന്ന പുതിയ പഠനം സൂചിപ്പിക്കുന്നത്, സാമൂഹിക ബോധം, അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ എന്നിവയോടൊപ്പം ഗള്‍ഫിലെ ഊഷ്മള കാലാവസ്ഥയും വൈറസിന്റെ കുറഞ്ഞ ആഘാതത്തിന് കാരണമാകാമെന്ന് തന്നെയാണ്.
ജി.സി.സി രാജ്യങ്ങളില്‍ കോവിഡ് 19 ന് കാര്യമായ കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ല, മിക്ക കേസുകളും വിദേശ യാത്രക്കാരോ വൈറസ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോ മാത്രമാണ്. ഗള്‍ഫിലെ പ്രാരംഭ കേസുകളില്‍ ഭൂരിഭാഗവും ഇറാനില്‍നിന്ന് മടങ്ങിയെത്തിയ യാത്രക്കാരായിരുന്നു.

പ്രതീക്ഷിച്ചപോലെ ഭൂമിശാസ്ത്രപരമായി ചൈനയുമായി അടുത്തുള്ള രാജ്യങ്ങളിലേക്ക് വൈറസ് വ്യാപകമായി പടര്‍ന്നിട്ടില്ലെന്നും പകരം സമാനമായ കാലാവസ്ഥാ മേഖലകളില്‍ വ്യാപിച്ചതായും പഠനം വ്യക്തമാക്കുന്നു.
ഭൂമിശാസ്ത്രപരമായ സാമീപ്യവും കാര്യമായ യാത്രാ ബന്ധങ്ങളും കാരണം, തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രദേശങ്ങളില്‍ പ്രത്യേകിച്ചു ബാങ്കോക്കില്‍, വുഹാനെയും ചൈനയെയും പോലെ പകര്‍ച്ചവ്യാധിയെ പടര്‍ന്നു പിടിക്കുമെന്നാണ് കരുതിയതെങ്കിലും അങ്ങനെ ഉണ്ടായില്ലെന്ന് പഠനം പറയുന്നു.
ബാങ്കോക്കിന്റെ അണുബാധ നിരക്ക് കുറവാണ്, ഇതുവരെ 59 കേസുകള്‍ മാത്രമാണെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും പാസ്‌പോര്‍ട്ടും ലഗേജും കൈകാര്യം ചെയ്യുകയും ചെയ്ത രണ്ട് എയര്‍പോര്‍ട്ട് തൊഴിലാളികളിലാണ് ഏറ്റവും പുതിയ ആറ് കേസുകള്‍ അവിടെ സ്ഥിരീകരിച്ചത്.






